ഇഞ്ചി കൃഷിയിൽ മുടക്കു മുതൽ പോലും കിട്ടാതെ കർഷകർ
1538676
Tuesday, April 1, 2025 7:36 AM IST
കൽപ്പറ്റ: ഇതര സംസ്ഥാനങ്ങളിൽ ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചിക്കൃഷി നടത്തി കർഷകർ പണംവാരിയ കാലം അസ്തമിക്കുന്നു. നിലവിൽ മുടക്കുമുതൽ പോലും കിട്ടാത്ത സ്ഥിതിയിലാണ് ഇഞ്ചിക്കർഷകർ. ഇത് കർഷകരെ നിരാശയിലേക്ക് തള്ളുകയാണ്. ഇതര സംസ്ഥാനങ്ങളിൽ തദ്ദേശീയ ഇഞ്ചിക്കൃഷിക്കാരുടെ എണ്ണം കുതിച്ചുയരുന്നത് സമീപഭാവിയിൽ ഇഞ്ചിവില വർധിക്കുമെന്ന പ്രതീക്ഷയ്ക്കും മങ്ങലേൽപ്പിക്കുകയാണ്.
കർണാടക മാർക്കറ്റുകളിൽ ഇഞ്ചി ചാക്കിന്(60 കിലോഗ്രാം)1,500-1,550 രൂപയാണ് നിലവിൽ വില. ഇതിന്റെ ഇരട്ടിയോളമാണ് ഉത്പാദനച്ചെലവ്. കഴിഞ്ഞ വർഷം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഇഞ്ചി ചാക്കിന് ശരാശരി 6,000 രൂപ വില ലഭിച്ചിരുന്നു.
വിപണികളിൽ ഇഞ്ചി ലഭ്യത കുറയാത്തതാണ് വില ഉയരാത്തതിനു കാരണമെന്ന് ഗ്രീൻ ജിഞ്ചർ ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സാബു ഐപ്പ് പറഞ്ഞു. കർണാടകയുടെ വിവിധ ഭാഗങ്ങളിൽ മലയാളി പാട്ടക്കർഷകർക്കു പുറമേ തദ്ദേശീയരും വ്യാപാകമായി ഇഞ്ചിക്കൃഷി നടത്തുന്നുണ്ട്. ഇവർ വിളവെടുക്കുന്ന ഇഞ്ചി ധാരാളമായി വിപണികളിൽ എത്തുന്നുണ്ട്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒഡീഷ, ആന്ധ്രപ്രദേശ്, തമിഴ്നാട്, ഗോവ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളുടെ ഭാഗങ്ങളിൽ തദ്ദേശീയർ കൃഷി ചെയ്യുന്ന ഇഞ്ചിയും മാർക്കറ്റുകളിൽ സുലഭമാണ്. കർണാടയ്ക്കുപുറത്ത് സംസ്ഥാനങ്ങളിൽ മാരൻ ഇനം ഇനം ഇഞ്ചിയാണ് കൂടുതലും കൃഷി ചെയ്യുന്നത്. വലിയ വിലക്കുറവിലാണ് ഈ ഇനം ഇഞ്ചി വിപണികളിൽ വിൽപനയ്ക്ക് വരുന്നത്.
കർണാടകയിൽ മൈസൂരു, ഷിമോഗ, മാണ്ഡ്യ, ഹാസൻ, ചാമരാജ്നഗർ, ഹുബ്ലി, ഹാവേരി, കൂർഗ് ജില്ലകളിലാണ് മലയാളികൾ പ്രധാനമായും ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചിക്കൃഷി നടത്തുന്നത്. ഇവിടങ്ങളിൽ വിളവെടുക്കുന്ന ഇഞ്ചി കച്ചവടക്കാർ വാങ്ങി നാഗ്പൂർ, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ജയ്പുർ, മേട്ടുപാളയം, ചെന്നൈ, മധുര തുടങ്ങിയ തുടങ്ങിയ നഗരങ്ങളിലേക്കാണ് പ്രധാനമായും കയറ്റിയിരുന്നത്. മറ്റിടങ്ങളിൽനിന്നു വൻതോതിൽ എത്തുന്നതിനാൽ ഇവിടങ്ങളിലെ വിപണികളിൽ കർണാടകയിൽനിന്നുള്ള ഇഞ്ചി മെച്ചപ്പെട്ട പാവുകട്ടിയും നിറവും ഉള്ളതാണെങ്കിലും ഡിമാൻഡ് ഉയരുന്നില്ല.
കർണാടകയിൽ ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചിക്കൃഷി നടത്തുന്നതിൽനിന്നു മലയാളി കർഷകർ പിൻവാങ്ങുകയാണ്. എങ്കിലും തദ്ദേശീയ കർഷകരുടെ എണ്ണം കൂടുന്നതിനാൽ ഇഞ്ചിക്കൃഷി ചെയ്യുന്ന ഭൂമിയുടെ അളവിൽ കുറവുണ്ടാകുന്നില്ലെന്ന് പുൽപ്പള്ളി ഇലക്ട്രിക് കവലയിലെ കർഷകൻ പീറ്റർ കൈനികുടി പറഞ്ഞു.
ഒരേക്കർ കരഭൂമിക്കു 80,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയാണ് കർണാടകയിൽ 18 മാസത്തെ പാട്ടം. ജലസേചന സൗകര്യമുള്ള വയൽ ഏക്കറിനു ഒന്നര ലക്ഷം രൂപ വരെ പാട്ടമുണ്ട്. ഇഞ്ചി ഏക്കറിന് പാട്ടം, വിത്ത്, ചാണകം, പുതയിടൽ, ജലസേചനത്തിനുള്ള മരാമത്ത് പണികൾ, പണിക്കൂലി ഉൾപ്പെടെ ഏകദേശം അഞ്ചു ലക്ഷം രൂപയാണ് കൃഷിച്ചെലവ്. മികച്ച ഉത്പാദനവും ചാക്കിനു 4,000 രൂപയിൽ കുറയാതെ വിലയും ലഭിച്ചാലേ കൃഷി ലാഭകരമാകൂവെന്ന് പീറ്റർ പറഞ്ഞു. ഇഞ്ചിക്ക് മെച്ചപ്പെട്ട വിലയില്ലെങ്കിലും പാട്ടം കുറയ്ക്കാൻ കർണാടകയിലെ ഭൂവുടമകൾ തയാറല്ല.
പാട്ടക്കൃഷിക്കാർക്കു കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും സർക്കാരുകളുടെ സഹായം ലഭിക്കുന്നില്ല. കേരളത്തിൽനിന്നുള്ള ലീസ് കർഷകരെ ഇതര സംസ്ഥാന സർക്കാരുകൾ കൃഷിക്കാരുടെ ഗണത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. അതിനാൽ കർഷകർക്കുള്ള ആനുകൂല്യങ്ങളും ഇൻഷ്വറൻസ് പരിരക്ഷയും പാട്ടക്കൃഷിക്കാർക്കു അന്യമാണ്. പ്രകൃതിക്ഷോഭത്തിലും മറ്റുമുള്ള കൃഷിനാശത്തിനു നഷ്ടപരിഹാരം ഭൂവുടമയ്ക്കാണ് അനുവദിക്കുന്നത്.