ഭിന്നശേഷി കുട്ടികൾക്കു താങ്ങായി ജില്ലാ പ്രാഥമിക ഇടപെടൽ കേന്ദ്രം
1538870
Wednesday, April 2, 2025 5:22 AM IST
കൽപ്പറ്റ: ഭിന്നശേഷി കുട്ടികൾക്ക് താങ്ങായി കൈനാട്ടി ജനറൽ ആശുപത്രിയിലെ ജില്ലാ പ്രാഥമിക ഇടപെടൽ കേന്ദ്രം (ഡിസ്ട്രിക്ട് ഏർലി ഇന്റർവെൻഷൻ സെന്റർ). 2014ൽ ദേശീയ ആരോഗ്യദൗത്യം ആർബിഎസ്കെ പദ്ധതിയുടെ ഭാഗമായി ആരംഭിച്ചതാണ് കേന്ദ്രം.
കുട്ടികളിലെ ഭിന്നശേഷി തിരിച്ചറിയാനും സൗജന്യ ചികിത്സ നൽകി ശാരീരിക മാനസിക വെല്ലുവിളികൾ അതിജീവിക്കാൻ അവരെ പ്രാപ്തരാക്കുകയുമാണ് കേന്ദ്രത്തിലൂടെ ചെയ്യുന്നത്. കേന്ദ്രത്തിൽ വിവിധ വിഭാഗങ്ങളിൽനിന്നുള്ള വിദഗ്ധർ കുട്ടികൾക്ക് സൗജന്യ സേവനം നൽകുന്നുണ്ട്.
നവജാത ശിശുക്കൾ മുതൽ 18 വയസുവരെയുള്ള കുട്ടികൾക്കാണ് ജില്ലാ പ്രാഥമിക ഇടപെടൽ കേന്ദ്രത്തിലൂടെ ചികിത്സ ഉറപ്പാക്കുന്നത്. ആഴ്ചയിൽ രണ്ടുദിവസം ഗ്രൂപ്പ് തെറാപ്പി, വ്യക്തിഗത ചികിത്സ, പരിശീലനം എന്നിവ നൽകുന്നത് ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ സഹായിക്കുന്നുണ്ട്.
മെഡിക്കൽ ഓഫീസർ, പീഡിയാട്രീഷൻ, ഡെന്റൽ സർജൻ അടങ്ങുന്ന ഡോക്ടർമാരുടെ പാനലും നാല് തെറാപ്പിസ്റ്റുകൾ, നഴ്സ്, ഒപ്റ്റോമെട്രിസ്റ്റ്, ഡെന്റൽ ഹൈജീനിസ്റ്റ്, ഡിഇഐസി മാനേജർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങി 12 ഓളം സ്റ്റാഫും സ്ഥാപനത്തിൽ പ്രവർത്തിക്കുന്നുണ്ട്.
ജില്ലയിൽ നിലവിൽ പതിനായിരത്തോളം കുട്ടികളാണ് കേന്ദ്രത്തെ ആശ്രയിക്കുന്നത്. ഓട്ടിസം ബാധിച്ച കുട്ടികളുടെ അതിജീവിതത്തിന് സഹായകമായ തെറാപ്പികൾ സെന്ററിലൂടെ നൽകുന്നുണ്ട്.