ടൂറിസ്റ്റ് വാഹനങ്ങൾക്ക് ഇ-പാസ്: നീലഗിരിയിൽ ഇന്ന് ഹർത്താൽ
1538863
Wednesday, April 2, 2025 5:22 AM IST
ഗൂഡല്ലൂർ: നീലഗിരി ജില്ലയിൽ പ്രവേശിക്കുന്ന ടൂറിസ്റ്റ് വാഹനങ്ങൾക്ക് ബാധകമാക്കിയ ഇ-പാസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നീലഗിരി ജില്ലയിൽ ഇന്ന് ഹർത്താൽ. നീലഗിരി ജില്ലാ വ്യാപാരി സംഘമാണ് രാവിലെ ആറ് മുതൽ 24 മണിക്കൂർ ഹർത്താൽ ആഹ്വാനം ചെയ്തത്.
മൗലികാവകാശങ്ങൾപോലും നിഷേധിക്കപ്പെട്ട നീലഗിരിയിലെ ജനങ്ങളുടെ അവകാശ സംരക്ഷണത്തിനുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ഹർത്താലെന്ന് വ്യാപാരി സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എ.ജെ. തോമസ്, ജോയിന്റ് സെക്രട്ടറി എം. അബ്ദുൾ റസാഖ്, ജില്ലാ സെക്രട്ടറി ബാദുഷ, ഗൂഡല്ലൂർ ടൗണ്‍ പ്രസിഡന്റ് മുഹമ്മദ് സഫി എന്നിവർ വ്യാപാരഭവനിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബദൽ സംവിധാനം ഏർപ്പെടുത്തി പ്ലാസ്റ്റിക് നിരോധന നിയമം നടപ്പാക്കുക, സെക്ഷൻ 17 വിഭാഗം ഭൂമി പ്രശ്നം പരിഹരിക്കുക, ടിഎൻപിപിഎഫ് നിയമം ജനസൗഹൃദമാക്കുക, വന്യജീവിശല്യത്തിന് പരിഹാരം കാണുക, പന്തല്ലൂർ, ദേവർഷോല ടൗണുകളിൽ ഡ്രൈനേജ് നിർമിക്കുക, ബോട്ട്ഹൗസ് സ്ഥാപിച്ച് മസിനഗുഡി മറവക്കണ്ടി അണക്കെട്ട് വിനോദസഞ്ചാരകേന്ദ്രമായി വികസിപ്പിക്കുക,
ടൈഗർ റിസർവ് പ്രോജക്ടിനു അനുസരിച്ച് ഇക്കോ ടൂറിസം തുടരുക, ആനത്താരയുടെ പേരിൽ കൃഷിക്കും ഭവന നിർമാണത്തിനും ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കുക, മാസ്റ്റർ പ്ലാൻ പരിഷ്കരിക്കുക, അനുമതിയില്ലാതെ നിർമിച്ച കെട്ടിടങ്ങൾക്ക് അംഗീകാരം നൽകുക, പച്ചത്തേയില വില വർധിപ്പിക്കുക, ഊട്ടി, കുന്നൂർ നഗരസഭാ മാർക്കറ്റുകളിലെ വ്യാപാരികളുടെ ആവശ്യങ്ങൾ അംഗീകരിക്കുക, നീലഗിരിയിൽ പുതിയ വീടുകൾ നിർമിക്കുന്നതിനുള്ള 7,000 അപേക്ഷകൾ തീർപ്പാക്കുക,
മഞ്ചൂർ-മുള്ളി-മണ്ണാർക്കാട് റോഡ് ഗാതഗതത്തിനു തുറന്നുകൊടുക്കുക, ടാക്സി ഡ്രൈവർമാരുടെ ഉപജീവനമാർഗം തകർക്കുന്ന ഓല, ഊബർ, റെഡ് ടാക്സി സർവീസുകൾ നിയന്ത്രിക്കുക, ഊട്ടി ബോട്ടാണിക്കൽ ഗാർഡനിലെ പ്രവേശന ഫീസും പാർക്കിംഗ് ചാർജും കുറയ്ക്കുക, ഊട്ടിയിലെ സഞ്ചാര കേന്ദ്രങ്ങളിൽ കൂടുതൽ ശുചിമുറികളും കുടിവെള്ള സൗകര്യവും ഏർപ്പെടുത്തുക, സില്ലല്ലാ റിസർവോയർ പദ്ധതി ഉപേക്ഷിക്കുക, മുഴുവൻ വീടുകളിലും വൈദ്യുതി എത്തിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് ഹർത്താൽ.
ശനി, ഞായർ ദിവസങ്ങളിലും അവധി ദിനങ്ങളിലും 8,000 ഉം മറ്റു ദിവസങ്ങളിൽ 6,000 ഉം വാഹനങ്ങൾക്കാണ് ജില്ലയിൽ പ്രവേശനാനുമതി. ചെന്നൈ ഹൈക്കോടതി ഉത്തരവിനു വിധേയമായി ഏപ്രിൽ ഒന്നു മുതൽ ജൂണ്‍ ആറ് വരെയാണ് വാഹന പ്രവേശനത്തിനു നിയന്ത്രണം. ഇത് ജില്ലയിൽ വ്യാപാര മേഖലയ്ക്ക് തിരിച്ചടിയായി.
വേനൽക്കാലത്താണ് നീലഗിരിയിൽ കൂടുതൽ സഞ്ചാരികളെത്തുന്നത്. ജില്ലാ അതിർത്തിയിൽ ഒന്‍പത് ഇടങ്ങളിൽ ചെക്പോസ്റ്റുകളുണ്ട്. ഇവിടങ്ങളിലെ ഇ-പാസ് പരിശോധന മറ്റു വാഹനങ്ങളിലെ യാത്രക്കാർക്ക് ദുരിതമാകുകയാണെന്നും വ്യാപാര്യ സംഘം ഭാരവാഹികൾ പറഞ്ഞു.