അഞ്ജലി അനൂപിന് നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്
1538275
Monday, March 31, 2025 5:16 AM IST
കൽപ്പറ്റ: നഷ്ടങ്ങൾക്കും വേദനകൾക്കും ഇടയിൽ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് നേടി അഞ്ജലി അനൂപ്. പുഞ്ചിരിമട്ടം ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ജിവിഎച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് അഞ്ജലി. അപ്രതീക്ഷിതമായ അച്ഛന്റെ വിയോഗവും തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ ഉറ്റ സുഹൃത്തുക്കൾ നഷ്ടമായതും അഞ്ജലിയെ തളർത്തിയിരുന്നു. ഇതിനിടയിലാണ് ദേശീയ പരീക്ഷയിലെ നേട്ടം.
അച്ഛന്റെ മരണശേഷം മാട്രക്കുന്നിൽ അമ്മൂമ്മയ്ക്കൊപ്പമാണ് അഞ്ജലിയും അമ്മയും സഹോദരങ്ങളും താമസിച്ചത്. അവിടെനിന്നാണ് ദിവസവും സ്കൂളിലേക്ക് പോയിരുന്നത്. പഠിച്ച സ്കൂളും ഉറ്റ സുഹൃത്തുക്കളും പെട്ടെന്നൊരു ദിവസമാണ് അഞ്ജലിക്ക് നഷ്ടമായത്. ഉരുൾപൊട്ടലിൽ നഷ്ടമായ സ്കൂളിൽനിന്നു പുതിയ അന്തരീക്ഷത്തിലേക്കുവന്ന അഞ്ജലി പ്രതികൂല സാഹചര്യത്തിലും അധ്യാപകരുടെയും മറ്റു സുഹൃത്തുക്കളുടെയും സഹായത്തോടെ പഠനത്തിൽ മികവ് പുലർത്തി.
ക്ലാസ് ടീച്ചർ ബിബീഷയും ഹിന്ദി അധ്യാപകൻ ജെനിഫറും അഞ്ജലി ഉൾപ്പെടെ 16 കുട്ടികളെ ദേശീയ മത്സരപ്പരീക്ഷയായ എൻഎംഎംഎസ് എഴുതാൻ സജ്ജമാക്കി. 2024 ഡിസംബർ ഒന്പതിനു നടന്ന പരീക്ഷയിൽ അഞ്ജലിക്ക് പ്രതീക്ഷ ഏറെയായിരുന്നു.
പരീക്ഷാഫലത്തിൽ സന്തോഷമുണ്ടെങ്കിലും ഇതിന്റെ ഭാഗമാകാൻ അച്ഛനും സുഹൃത്തുക്കളും ഇല്ലാത്തതിൽ വേദനയുണ്ടെന്നു അഞ്ജലി പറഞ്ഞു. 48,000 രൂപയാണ് സ്കോളർഷിപ്പ് തുക. മേപ്പാടി വിംസ് ആശുപത്രിയിലെ കാന്റീൻ ജീവനക്കാരിയാണ് അമ്മ രാജേശ്വരി. വെള്ളാർമല സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥനി അജല, അഞ്ചു വയസുകാരൻ കാശിനാഥൻ എന്നിവർ സഹോദങ്ങളാണ്. തോമാട്ടുചാലിൽ വാടക വീട്ടിലാണ് അഞ്ജലിയും കുടുംബവും ഇപ്പോൾ താമസിക്കുന്നത്.
വെള്ളാർമല ജിവിഎച്ച്എസ്എസിലെ വിദ്യാർഥികൾക്ക് മേപ്പാടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ വളപ്പിൽ ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ അജ്ഞലിയെ ടി. സിദ്ദിഖ് എംഎൽഎ ആദരിച്ചു. ബിഎഐ അഞ്ജലിക്ക് സമ്മാനം നൽകി.