എന്റെ കേരളം പ്രദർശന-വിപണന മേള: സംഘാടക സമിതി രൂപീകരിച്ചു
1538310
Monday, March 31, 2025 6:02 AM IST
കൽപ്പറ്റ: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഏപ്രിൽ 22 മുതൽ 28 വരെ എസ്കഐംജെ സ്കൂൾ ഗ്രൗണ്ടിൽ നടത്തുന്ന എന്റെ കേരളം പ്രദർശന-വിപണനമേളയ്ക്ക് സംഘാടക സമിതി രൂപീകരിച്ചു.
ഇതിന് കളക്ടറേറ്റിൽ ചേർന്ന യോഗം പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീയുടെ അധ്യക്ഷത വഹിച്ചു. സബ് കളക്ടർ മിസാൽ സാഗർ ഭാരത്, ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ഭാരവാഹികളായി മന്ത്രി ഒ.ആർ. കേളു(ചെയർമാൻ), ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ (ജനറൽ കണ്‍വീനർ), ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. റഷീദ് ബാബു(കണ്‍വീനർ) എന്നിവരെ തെരഞ്ഞെടുത്തു. സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുകയാണ് മേളയുടെ ലക്ഷ്യം. മേളയുടെ ഭാഗമായി 100 സ്റ്റാളുകളാണ് സജ്ജീകരിക്കുന്നത്. വിവിധ വകുപ്പുകൾക്കും വിപണന വിഭാഗത്തിനുമായി 50 വീതം സ്റ്റാളുകളാണ് ഉണ്ടാകുക. സാമൂഹിക, സാംസ്കാരിക, വൈജ്ഞാനിക, കായിക, കലാ, വിവരസാങ്കേതിക രംഗത്തെ വികസനം വ്യക്തമാക്കുന്നതായിരിക്കും വിവിധ വകുപ്പുകളുടെ സ്റ്റാളുകൾ.
കുട്ടികൾക്കുള്ള അമ്യൂസ്മെന്റ്പാർക്ക്, കലാപരിപാടികൾ, ഭക്ഷ്യമേള എന്നിവ ഒരുക്കും. വിപണന മേളയുടെ നടത്തിപ്പിന് സ്റ്റാൾ അലോട്മെന്റ്, പബ്ലിസിറ്റി, സാനിറ്റേഷൻ, ലോ ആൻഡ് ഓർഡർ, സെക്യൂരിറ്റി, ട്രാഫിക്, കൾച്ചറൽ പ്രോഗ്രാം, മെഡിക്കൽ, റിസപ്ഷൻ, ഫുഡ് കോർട്ട് ആൻഡ് ഫുഡ് സേഫ്റ്റി, സ്റ്റേജ്, പുസ്തകമേള എന്നിങ്ങലെ ഉപ സമിതികൾ രൂപീകരിച്ചു.
22ന് രാവിലെ 10.30 മുതൽ 12.30 വരെ ചന്ദ്രഗിരി ഓഡിറ്റേറിയത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ജില്ലാതല യോഗം ചേരും. ജില്ലയിലെ വിവിധ മേഖലകളിൽനിന്നു തെരഞ്ഞെടുത്ത 500 പേരുമായി മുഖ്യമന്ത്രി സംവദിക്കും.