ആദിവാസി യുവാവിന്റെ മരണം: കോണ്ഗ്രസ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി
1538864
Wednesday, April 2, 2025 5:22 AM IST
കൽപ്പറ്റ: കോണ്ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ പട്ടികവർഗത്തിൽപ്പെട്ട നെല്ലാറച്ചാൽ സ്വദേശി ഗോകുലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ട സംഭവത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ടായിരുന്നു മാർച്ച്. സ്റ്റേഷൻ പരിസരത്ത് മാർച്ച് പോലീസ് തടഞ്ഞു.
ഇതേത്തുടർന്നു ചേർന്ന യോഗം കെപിസിസി അംഗം പി.പി. ആലി ഉദ്ഘാടനം ചെയ്തു. തിങ്കളാഴ്ച രാത്രി പത്തരയോടെ ഗോകുലിനെ സ്റ്റേഷനിൽ എത്തിച്ച വിവരം പോലീസ് കുടുംബാംഗങ്ങളെയോ വാർഡ് മെംബറെയോ പട്ടികവർഗ പ്രമോട്ടറെയോ അറിയിച്ചില്ലെന്നു അദ്ദേഹം ആരോപിച്ചു.
ശുചിമുറിയിൽ ഗോകുൽ തൂങ്ങിമരിച്ചു എന്ന പോലീസിന്റെ വിശദീകരണം സമൂഹത്തിനു ബോധ്യപ്പെടണം. ഇതിന് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ കാണിക്കണമെന്ന് വിവിധ രാഷ്ട്രീയപ്പാർട്ടി പ്രവർത്തകരും പൊതുജനങ്ങളും ആവശ്യപ്പെട്ടിട്ടും പോലീസ് തയാറായില്ല. ഇതിൽ ദുരൂഹതയുണ്ടെന്ന് ആലി പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് ഗിരീഷ് കൽപ്പറ്റ അധ്യക്ഷത വഹിച്ചു. ടി.ജെ. ഐസക്, ബി. സുരേഷ്ബാബു, ആദിവാസി കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ബാലൻ, കെ.കെ. രാജേന്ദ്രൻ, ഹർഷൽ കോന്നാടൻ, എസ്. മണി, മുഹമ്മദ് ഫെബിൻ, കെ. ശശികുമാർ, മുബാരീഷ് ആയ്യാർ, ജോണ് മാതാ, രമേശൻ മാണിക്യൻ എന്നിവർ പ്രസംഗിച്ചു.