വേനൽ അവധി ആരംഭിച്ചതോടെ കുട്ടിക്കടകൾ സജീവമായി
1538303
Monday, March 31, 2025 6:02 AM IST
പുൽപ്പള്ളി: മധ്യവേനൽ അവധിക്ക് വിദ്യാലയങ്ങൾ അടച്ചതോടെ ഗ്രാമീണ മേഖലയിൽ കുട്ടിക്കടകൾ സജീവമായി. പ്രധാനമായും യുപി ക്ലാസുകളിലെ കുട്ടികളാണ് ഗ്രാമങ്ങളിലെ പാതയോരങ്ങളിൽ കടകൾ തുറന്നത്.
ഇല്ലിക്കഷണങ്ങളും തെങ്ങോലയും ചണക്കയറും മറ്റും ഉപയോഗിച്ച് നിർമിച്ച ചെറുകടകളിൽ മിഠായികളും തേൻ നെല്ലിക്കയും നാട്ടിൻപുറത്തു ലഭിക്കുന്ന പഴങ്ങളും കണ്ണിമാങ്ങയും തണ്ണിമത്തനുമെല്ലാം ലഭ്യമാണ്.
മാതാപിതാക്കളിൽനിന്നോ ബന്ധുക്കളിൽനിന്നോ ചെറുസഹായധനം സ്വീകരിച്ചു തുടങ്ങുന്ന കടകൾ ഭാവിയിൽ കുട്ടികൾക്ക് സംരംഭകരായി മാറാനുള്ള പരിശീലനക്കളരികൂടിയാണ്.
ഏപ്രിൽ, മെയ് മാസങ്ങളിലെ കച്ചവടത്തിലൂടെ ലഭിക്കുന്ന ലാഭം ജൂണിൽ സ്കൂൾ തുറക്കുന്പോഴാണ് കുട്ടിക്കട മുതലാളിമാരിൽ പലരും ചെലവഴിക്കുന്നത്.