ഉരുൾ ദുരന്തം: വെള്ളാർമല സ്കൂളിനു ബിഎഐ നിർമിച്ച ക്ലാസ് മുറികൾ കൈമാറി
1538309
Monday, March 31, 2025 6:02 AM IST
കൽപ്പറ്റ: ഉരുൾപൊട്ടലിൽ തകർന്നതിനെത്തുടർന്ന് മേപ്പാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിലേക്ക് മാറ്റിയ വെള്ളാർമല ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കായി ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ(ബിഎഐ)നിർമാണം പൂർത്തിയാക്കിയ ക്ലാസ്, ശുചി മുറികൾ കൈമാറി.
മേപ്പാടി സ്കൂൾ വളപ്പിൽ രണ്ട് ബ്ലോക്കുകളിലായി 12 ക്ലാസ് മുറികളുടെയും 16 ശുചിമുറികളുടെയും നിർമാണമാണ് ബിഎഐ ഏറ്റെടുത്തത്. ഇതിൽ പ്രവൃത്തി പൂർത്തിയായ ബ്ലോക്കിലെ എട്ട് ക്ലാസ് മുറികളുടെയും 10 ശുചിമുറികളുടെയും കൈമാറ്റമാണ് നടത്തിയത്. നാല് ക്ലാസ് മുറികളും ആറ് ശുചിമുറികളും ഏപ്രിൽ അവസാനത്തോടെ നിർമാണം പൂർത്തിയാക്കി കൈമാറും.
ബ്ലോക്ക് ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഓണ്ലൈനായി നിർവഹിച്ചു. പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു അധ്യക്ഷത വഹിച്ചു. ടി. സിദ്ദിഖ് എംഎൽഎ മുഖ്യാതിഥിയായി. എഡിഎം കെ. ദേവകി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്, ബിഎഐ സംസ്ഥാന ചെയർമാൻ പി.എൻ. സുരേഷ്, സെക്രട്ടറി മിജോയ് കെ. മാമു, ട്രഷറർ കെ. സതീഷ്കുമാർ,
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ്, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ, ബിഎഐ നിയുക്ത ചെയർമാൻ കെ.എ. ജോണ്സണ്, വെള്ളാർമല ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഭവ്യ ലാൽ, പിടിഎ പ്രസിഡന്റ് ടി.കെ. നജ്മുദീൻ,
മേപ്പാടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജെസി പെരേര, പിടിഎ പ്രസിഡന്റ് ജിതിൻ കണ്ടോത്ത്, കെ.ജി. മാധുരി, ബിഎഐ കാലിക്കട്ട് സെന്റർ ചെയർമാൻ സുബൈർ കൊളക്കാടൻ, സെക്രട്ടറി പി.എം. ശ്രീജിത്ത്, ട്രഷറർ രമേഷ്കുമാർ എന്നിവർ പ്രസംഗിച്ചു. സംസ്ഥാനത്തെ ബിഎഐ 22 സെന്ററുകളിൽ നിന്നായി 100 പ്രതിനിധികൾ പങ്കെടുത്തു.