ലഹരിക്കെതിരേ ജനകീയ പ്രതിരോധ സദസുമായി കത്തോലിക്ക കോണ്ഗ്രസ്
1538302
Monday, March 31, 2025 6:02 AM IST
കൽപ്പറ്റ: കത്തോലിക്ക കോണ്ഗ്രസ് രൂപത സമിതി ആഹ്വാനം ചെയ്തതനുസരിച്ച് യൂണിറ്റുകളിൽ ലഹരിക്കെതിരേ ജനകീയ പ്രതിരോധ സദസ് സംഘടിപ്പിച്ചു. ലഹരിവിരുദ്ധ കർമസേന രൂപീകരിച്ചു. സ്കൂൾ, കോളജ് കാന്പസുകളിൽ ലഹരി വസ്തുക്കൾ വിൽപ്പനയ്ക്ക് എത്തിക്കുന്നവരെ കണ്ടെത്താനും ഇവരെക്കുറിച്ചുള്ള വിവരം പോലീസ്, എക്സൈസ് അധികാരികൾക്ക് ലഭ്യമാക്കാനും തീരുമാനിച്ചു. ലഹരിക്കെതിരായ ബോധവത്കരണം പ്രൈമറി സ്കൂൾതലം മുതൽ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ടു.
കൽപ്പറ്റ യൂണിറ്റ് ഡി പോൾ പള്ളി അങ്കണത്തിൽ സംഘടിപ്പിച്ച സദസ് ഫൊറോന വികാരി ഫാ.മാത്യു പെരിയപ്പുറം ഉദ്ഘാടനം ചെയ്തു. സംസ്ഥാനം ഇന്ന് നേരിടുന്ന ഏറ്റവും വലിയ സാമൂഹിവിപത്താണ് കുട്ടികളിലെയും ചെറുപ്പക്കാരിലെയും ലഹരി ഉപയോഗമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹം മയക്കംവിട്ട് ഉണരാനും ലഹരിക്കെതിരേ ഒറ്റക്കെട്ടായി പ്രവർത്തിക്കാനും തയാറാകണം. സ്കൂൾ, കോളജ് കാന്പസുകളിൽ നിതാന്ത ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. രൂപത ട്രഷറർ സജി ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
മേഖലാ അസിസ്റ്റന്റ് ഡയറക്ടർ ഫാ. കിരണ് തൊണ്ടിപ്പറന്പിൽ മുഖ്യപ്രഭാഷണം നടത്തി. സിബി ഒഴികയിൽ, രാജൻ ബാബു പാലമൂട്ടിൽ, ഷിബിൻ കാഞ്ഞിരത്തിങ്കൽ എന്നിവർ പ്രസംഗിച്ചു. ജിബോയ് വൈപ്പന, ജെന്നി ഈപ്പൻ ,റാണി മറ്റത്തിൽ, ബിനു തോമസ് എന്നിവർ നേതൃത്വം നൽകി. സദസിൽ പങ്കെടുത്തവർ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.
മൂലങ്കാവ് സെന്റ് ജൂഡ്സ് ദേവാലയ വളപ്പിൽ സംഘടിപ്പിച്ച സദസ് വികാരി ഫാ.അനീഷ് കാട്ടാങ്കോട്ടിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഡേവി മാങ്കുഴ അധ്യക്ഷത വഹിച്ചു. സ്റ്റീഫൻ അപ്പോഴിപ്പറന്പിൽ, അനീഷ് കുഴികണ്ടത്തിൽ, ബാബു കുന്നത്തേട്ട്, ക്ലമന്റ് കുഴികണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു. തോമസ് വളയംപിള്ളി ലഹരിവിരുദ്ധ സന്ദേശം നൽകി.
രാസലഹരിക്കെതിരേ കുടുംബങ്ങൾ ഒത്തുചേരേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സദസിനെത്തിയവർ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. മിഷൻലീഗ് അംഗങ്ങൾ ലഹരിക്കെതിരേ ഫ്ളാഷ് മോബും മൈമും അവതരിപ്പിച്ചു.
മുള്ളൻകൊല്ലി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ ജനകീയ പ്രതിരോധ സദസ് ഫൊറോന വികാരി റവ.ഡോ. ജസ്റ്റിൻ മൂന്നനാൽ ഉദ്ഘാടനം ചെയ്തു. സുനിൽ പാലമറ്റം അധ്യക്ഷത വഹിച്ചു.ഫാ.റിജോസ് അരുമായിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ബീന കരിമാംകുന്നേൽ, ടോമി വണ്ടന്നൂർ, ജോസ് കണ്ണന്താനത്ത്, കെ.എൽ. ടോമി, ഷൈനി മഠത്തിൽ, ടോമി ഇടത്തുംപറന്പിൽ എന്നിവർ പ്രസംഗിച്ചു.