മൈസ ബക്കറിന്റെ നേട്ടം ജില്ലയ്ക്ക് അഭിമാനമായി
1538877
Wednesday, April 2, 2025 5:26 AM IST
കൽപ്പറ്റ: ഹരിയാനയിലെ പഞ്ചുഗുളയിൽ നടന്ന ദേശീയ മൗണ്ടൻ സൈക്ലിംഗ് ചാന്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി രണ്ട് വെള്ളിമെഡൽ നേടിയ മൈസ ബക്കർ വയനാടിന് അഭിമാനമായി. പിണങ്ങോട് ഡബ്ല്യുഒ എച്ച്എസ്എസിലെ കായികാധ്യാപകൻ എൻ.സി. സാജിദ്-അഷ്ന ചൂര്യൻ ദന്പതികളുടെ മകളാണ് ഡി പോൾ സ്കൂൾ എട്ടാംതരം വിദ്യാർഥിനി മൈസ.
ക്രോസ് കണ്ട്രി ടൈം ട്രയൽ, ക്രോസ്കണ്ട്രി ഒളിന്പിക് മാസ് സ്റ്റാർട്ട് എന്നീ ഇനങ്ങളിലാണ് മൈസ രണ്ടാമതെത്തിയത്. ചാന്പ്യൻഷിപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഈ ഇനങ്ങളിൽ ജില്ലയിൽനിന്നുള്ള താരം വെള്ളി മെഡൽ നേടുന്നത്.
ജില്ലാ സൈക്ലിംഗ് അസോസിയേഷനും ഗ്രാമിക കുട്ടമംഗലവും സ്പോർട്സ് കൗണ്‍സിലിന്റെ സഹകരണത്തോടെ നടത്തിയ സമ്മർ കോച്ചിംഗ് ക്യാന്പിലൂടെയാണ് മൈസ സൈക്ലിംഗ് രംഗത്ത് എത്തിയത്. ഈ വർഷം തൊടുപുഴയിൽ നടന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗിലും കാസർഗോഡ് നടന്ന റോഡ് സൈക്ലിംഗിലും ഒന്നാമതെത്തിയ മൈസ ഒഡീഷയിലെ പുരിയിൽ നടന്ന ദേശീയ റോഡ് സൈക്ലിംഗ് മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്.
ബത്തേരിയിൽ നടന്ന സംസ്ഥാന സൈക്കിൾ പോളോ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. കോച്ച് ഫിറോസ് അഹമ്മദിനു കീഴിലാണ് പരിശീലനം.