കാട്ടാന തകർത്ത ഗേറ്റ് പുനഃസ്ഥാപിച്ചില്ല
1533859
Monday, March 17, 2025 6:19 AM IST
ചീരാൽ: മുണ്ടക്കൊല്ലിയിൽ ജനവാസ മേഖലയോടുചേർന്ന് വനാതിർത്തിയിൽ വനം വകുപ്പ് സ്ഥാപിച്ച ഗേറ്റ് കാട്ടാന തകർത്ത് ഒരു വർഷം കഴിഞ്ഞിട്ടുംപുനഃസ്ഥാപിച്ചില്ല. ഇതിൽ ജനങ്ങൾക്കുള്ള പ്രതിഷേധം കണ്ടില്ലെന്നു നടിക്കുകയാണ് വനം അധികൃതർ. മുണ്ടക്കൊല്ലിയിലും സമീപങ്ങളിലും വന്യജീവിശല്യം രൂക്ഷമാണ്.
ഫലപ്രദമായ പ്രതിരോധ സംവിധാനങ്ങളുടെ അഭാവം വന്യജീവികൾക്ക് കൃഷിയിടങ്ങളിൽ വിഹരിക്കുന്നതിന് സൗകര്യമാകുകയാണ്. വനം ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നടത്തുന്ന ചർച്ചകളിലെ തീരുമാനങ്ങൾ കടലാസിൽ ഒതുങ്ങുകയാണ്.
വന്യജീവികൾ വരുത്തുന്ന കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തിന് കർഷകർ നൽകിയ അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. തക്കതായ നഷ്ടപരിഹാരം അനുവദിക്കാൻ വനം വകുപ്പ് തയാറാകുന്നുമില്ല.
ഈ സ്ഥിതി തുടർന്നാൽ ശക്തമായ സമരം സംഘടിപ്പിക്കാൻ പ്രദേശവാസികളുടെ യോഗം തീരുമാനിച്ചു. കെ.ആർ. സാജൻ അധ്യക്ഷത വഹിച്ചു. കെ.സി.കെ. തങ്ങൾ, ജെ.എ. രാജു, ടി.കെ. രാധാകൃഷ്ണൻ, സലിം നൂലക്കുന്ന് എന്നിവർ പ്രസംഗിച്ചു.