വന്യമൃഗശല്യം:കത്തോലിക്ക കോണ്ഗ്രസ് മാർച്ചും ധർണയും നടത്തി
1533497
Sunday, March 16, 2025 6:00 AM IST
പ്രതിഷേധം കൽപ്പറ്റ, മാനന്തവാടി, ബത്തേരി എന്നിവിടങ്ങളിൽ
കൽപ്പറ്റ: കത്തോലിക്ക കോണ്ഗ്രസ് മാനന്തവാടി രൂപത സമിതിയുടെ നേതൃത്വത്തിൽ കൽപ്പറ്റ, മാനന്തവാടി, ബത്തേരി എന്നിവിടങ്ങളിൽ മാർച്ചും ധർണയും നടത്തി. 1972ലെ വന്യജീവി സംരക്ഷണ നിയമം ജനസൗഹൃദമായി പൊളിച്ചെഴുതുക, വന്യജീവികളെ വനത്തിൽ സംരക്ഷിക്കുക, വനത്തോടുചേർന്നു താമസിക്കുന്ന ഓരോ കുടുംബത്തിനും ഒരു കോടി രൂപയുടെ സൗജന്യ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുക, വന്യജീവി നശിപ്പിക്കുന്ന കാർഷിക വിളകൾക്ക് മാർക്കറ്റ് വിലയ്ക്ക് തുല്യമായ നഷ്ടപരിഹാരം നൽകുക,
വന്യമൃഗ പ്രതിരോധ വേലി നിർമാണവും സംരക്ഷണവും യുദ്ധകാലാടിസ്ഥാനത്തിൽ നടത്തുക, പ്രാദേശിക വന്യമൃഗ ആക്രമണ പ്രതിരോധസേന രൂപീകരിക്കുക, വനം വകുപ്പ് നിർമാണങ്ങൾ സോഷ്യൽ ഓഡിറ്റിനു വിധേയമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
കൽപ്പറ്റയിൽ കൈനാട്ടി പരിസരത്ത് ആരംഭിച്ച മാർച്ച് ഫൊറോന വികാരി ഫാ.ജോഷി പെരിയപ്പുറം ഉദ്ഘാടനം ചെയ്തു.
കത്തോലിക്ക കോണ്ഗ്രസ് തരിയോട് ഫൊറോന പ്രസിഡന്റ് മാത്യു ചോന്പാല അധ്യക്ഷത വഹിച്ചു.കളക്ടറേറ്റ് പടിക്കൽ ധർണ കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡോ.കെപി. സാജു കൊല്ലപ്പള്ളി ഉദ്ഘാടനം ചെയ്തു. ഫൊറോന സമിതി പ്രസിഡന്റ് സജി ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
അഡ്വ.ജിജിൽ കിഴക്കാരക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ഫാ.സണ്ണി മഠത്തിൽ, ഫാ.സജി ഇളയിടത്ത്, കത്തോലിക്ക കോണ്ഗ്രസ് മേഖലാ അസി.ഡയറക്ടർ ഫാ.കിരണ് തൊണ്ടിപ്പറന്പിൽ, ആൻറണി പാറയിൽ, കെസിവൈഎം ഫൊറോന പ്രസിഡന്റ് റിജിൽ, ബിനു ഏറണാട്ട് എന്നിവർ പ്രസംഗിച്ചു .കത്തോലിക്ക കോണ്ഗ്രസ് രൂപത സെക്രട്ടറിമാരായ ജോണ്സണ് കുറ്റിക്കാട്ടിൽ സ്വാഗതവും തോമസ് പട്ടമന നന്ദിയും പറഞ്ഞു.
ബത്തേരിയിൽ കോട്ടക്കുന്ന് പരിസരത്ത് ആരംഭിച്ച മാർച്ച് കത്തോലിക്ക കോണ്ഗ്രസ് ഫൊറോന ഡയറക്ടർ ഫാ.ജോസ് മേച്ചേരിൽ ഉദ്ഘാടനം ചെയ്തു. രൂപത വൈസ് പ്രസിഡന്റ് സാജു പുലിക്കോട്ടിൽ അധ്യക്ഷത വഹിച്ചു.
മിനി സിവിൽ സ്റ്റേഷനു മുന്പിൽ ധർണ ഫൊറോന വികാരി ഫാ.തോമസ് മണക്കുന്നേൽ ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോണ്ഗ്രസ് ഫൊറോന പ്രസിഡന്റ് ഡേവി മാങ്കുഴ അധ്യക്ഷത വഹിച്ചു. രൂപത പ്രസിഡന്റ് ജോണ്സണ് തൊഴുത്തുങ്കൽ മുഖ്യപ്രഭാഷണം നടത്തി. ഫാ.ജയിംസ് പുത്തൻപറന്പിൽ, ഫാ.ജോസ് മേച്ചേരിൽ, ഫാ.വിൻസന്റ് കളപ്പുര, ഫാ.ജസ്റ്റിൻ മൂന്നനാൽ, ബീന കരിമാംകുന്നേൽ, മോളി മാമൂട്ടിൽ, തോമസ് പാഴുക്കാല, സുനിൽ പാലമറ്റത്തിൽ, ചാൾസ് വടാശേരി, ജേക്കബ് ബത്തേരി, അമൽ ജോണ്സണ്, ജോസ് പാലാട്ടി എന്നിവർ പ്രസംഗിച്ചു.
മാനന്തവാടിയിൽ ലിറ്റിൽ ഫ്ളവർ സ്കൂൾ പരിസരത്ത് ആരംഭിച്ച മാർച്ച് കത്തോലിക്ക കോണ്ഗ്രസ് നടവയൽ ഫൊറോന ഡയറക്ടർ ഫാ.ജോസ് കപ്യാരുമല ഉദ്ഘാടനം ചെയ്തു. നടവയൽ ഫൊറോന പ്രസിഡന്റ് വിൻസന്റ് ചേരവേലിൽ അധ്യക്ഷത വഹിച്ചു.
സബ്കളക്ടർ ഓഫീസിനു മുന്നിൽ ധർണ കണിയാരം കത്തീഡ്രൽ വികാരി ഫാ.സോണി വാഴക്കാട്ട് ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോണ്ഗ്രസ് രൂപത വൈസ് പ്രസിഡന്റ് റെനിൽ കഴുതാടി അധ്യക്ഷത വഹിച്ചു. എസിവൈഎം രൂപത മുൻ പ്രസിഡന്റ് സജിൻ ചാലിൽ മുഖ്യപ്രഭാഷണം നടത്തി.
കത്തോലിക്ക കോണ്ഗ്രസ് ദ്വാരക മേഖലാ പ്രസിഡന്റ് ജിജോ മംഗലം, കെസിവൈഎം രൂപത പ്രസിഡന്റ് ബിബിൻ പിലാപള്ളി, അഡ്വ.ഗ്ലാഡിസ് ചെറിയാൻ, സജി ഇരട്ടമുണ്ടയ്ക്കൽ, റോബി താന്നിക്കുന്നേൽ, അന്നക്കുട്ടി ഉണ്ണിക്കുന്നേൽ, റെജിമോൻ പുന്നോലിൽ, ജോസഫ് പുല്ലുമാരിയിൽ, മെസീന തോട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.