ക്ഷയരോഗമുക്ത പഞ്ചായത്ത് : 16 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് യോഗ്യത
1533856
Monday, March 17, 2025 6:19 AM IST
കൽപ്പറ്റ: ക്ഷയരോഗമുക്ത പഞ്ചായത്ത് അവാർഡിന് ജില്ലയിലെ 16 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് യോഗ്യത. നാല് പഞ്ചായത്തുകളെ തുടർച്ചയായി രണ്ടാംവർഷം ക്ഷയരോഗമുക്ത പരിപാടിയിൽ വെള്ളി മെഡലിനും മൂന്ന് നഗരസഭകളെയും ഒന്‍പത് പഞ്ചായത്തുകളെയും ആദ്യമായി വെങ്കല മെഡലിനും തെരഞ്ഞെടുത്തു.
കേന്ദ്ര ടിബി ഡിവിഷന്റെ മാനദണ്ഡങ്ങൾ പ്രകാരമാണ് ക്ഷയരോഗമുക്ത പഞ്ചായത്തുകളെയും നഗരസഭകളെയും തെരഞ്ഞെടുക്കുന്നത്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങളും രോഗ പ്രതിരോധ ബോധവത്കരണ പ്രവർത്തനങ്ങളും ഊർജിതമാക്കി ജില്ലയെ ക്ഷയരോഗമുക്തമായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം.
ക്ഷയരോഗദിനമായ 24ന് അവാർഡുകൾ പ്രഖ്യാപിക്കും. ജില്ലയിലെ ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾ ഡെപ്യൂട്ടി കളക്ടർ എം. ബിജുകുമാറിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് മിനി കോണ്‍ഫറൻസ് ഹാളിൽ ചേർന്നു യോഗം അവലോകനം ചെയ്തു.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ടി. മോഹൻദാസ്, ജില്ലാ ടിബി ഓഫീസർ ഡോ.പ്രിയ സേനൻ, വിവിധ വകുപ്പ് മേധാവികൾ, പ്രോഗ്രാം ഓഫീസർമാർ എന്നിവർ പങ്കെടുത്തു.