കാരുണ്യ സ്പർശം ബഥേൽ ഹോംസ് ഭവന പദ്ധതി ഉദ്ഘാടനം ചെയ്തു
1533817
Monday, March 17, 2025 5:23 AM IST
സുൽത്താൻ ബത്തേരി: മലങ്കര ഓർത്തഡോക്സ് സുറിയാനിസഭ സുൽത്താൻ ബത്തേരി ഭദ്രാസത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കാരുണ്യസ്പർശം’ ചാരിറ്റബിൾ ട്രസ്റ്റിന്റെ ’ബഥേൽ ഹോംസ് ഭവനദാന പദ്ധതിയുടെ ഉദ്ഘാടനവും നാല് ഭവനങ്ങളുടെ ശിലാസ്ഥാപന കർമവും നടത്തി.
കോളിയാടി, അന്പലവയൽ, ബഡേരി, കടൽമാട് എന്നിവിടങ്ങളിലായി 660 ചതുരശ്ര അടിയുള്ള നാല് ഭവനങ്ങളാണ് നിർമിക്കുന്നത്. ഒരു വീടിന് 10 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.
കോളിയാടി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന ചടങ്ങിൽ സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ ഗീവർഗീസ് മാർ ബർണാബാസ് മെത്രാപ്പോലീത്ത ശിലാസ്ഥാപന കർമം നിർവഹിച്ചു.
ഭദ്രാസന സെക്രട്ടറി ഫാ. ബേബി ജോണ്‍ കളീക്കൽ, കോളിയാടി പള്ളി വികാരി ഫാ. ഷാജി പോൾ നാരിയേലിൽ, കാരുണ്യ സ്പർശം സെക്രട്ടറി ഡോ. ടി.വി. സക്കറിയ, ഫാ. മോണ്‍സി ജേക്കബ്, സി.ഇ. ഫിലിപ്പ്, അബ്രേസ് തോമസ്, ബിജു സ്കറിയ, കെ.ഐ. വർഗീസ്, ടി.കെ. പൗലോസ് എന്നിവർ പ്രസംഗിച്ചു.