കടമാൻതോട്ടിൽ തടയണയൊരുക്കി സേവ് പുൽപ്പള്ളി
1533852
Monday, March 17, 2025 6:19 AM IST
പുൽപ്പള്ളി: വരൾച്ച പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സേവ് പുൽപ്പള്ളി കൂട്ടായ്മ കടമാൻതോട്ടിൽ തടയണയൊരുക്കി. ആനപ്പാറയിൽ തകർന്നുകിടന്ന തടയണയാണ് മണൽചാക്കുകൾകൊണ്ട് താത്കാലികമായി പുനർനിർമിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേർ തടയണ നിർമാണത്തിൽ പങ്കാളികളായി.
മേഖലയിലെ വരൾച്ച, ജലക്ഷാമ പ്രശ്നങ്ങൾക്ക് വൻകിട പദ്ധതികളല്ല വേണ്ടതെന്നും പ്രദേശത്തെ ചെറുകിട തടയണകൾ പ്രവർത്തനക്ഷമമാക്കി വെള്ളം സംഭരിക്കാനായാൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നും സേവ് പുൽപ്പള്ളി ഭാരവാഹികൾ പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ആനപ്പാറയിൽ തടയണ നിർമിച്ചത്.
വരും ദിവസങ്ങളിൽ കടമാൻതോട്ടിലെ തകർന്നുകിടക്കുന്ന തടയണകളും ജനകീയ പങ്കാളിത്തത്തോടെ പുനസ്ഥാപിക്കുമെന്നും സേവ് പുൽപ്പള്ളി ഭാരവാഹികൾ പറഞ്ഞു.
സേവ് പുൽപ്പള്ളി ചെയർമാൻ ബേബി തയ്യിൽ, കണ്‍വീനർ സിജേഷ് ഇലിക്കൽ, പഞ്ചായത്തംഗം അനുമോൾ ദിബീഷ്, എൻ.യു. ഇമ്മാനുവൽ, കെ.എൽ. ജോണി, ശ്രീധരൻ മീനംകൊല്ലി, അജി മറ്റനായിൽ, ജോസ് കാഞ്ഞൂക്കാരൻ, വത്സ പൊന്നന്പേൽ തുടങ്ങിയവർ നേതൃത്വം നൽകി.