നെല്ലിമാളത്ത് നീർത്തട ഗ്രാമസഭ സംഘടിപ്പിച്ചു
1533501
Sunday, March 16, 2025 6:00 AM IST
സുൽത്താൻ ബത്തേരി: നബാർഡിന്റെ സാന്പത്തിക പിന്തുണയോടെ ബത്തേരി രൂപതയുടെ സാമൂഹിക സേവന വിഭാഗമായ ശ്രേയസിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ചേപ്പോട്ടുകുന്ന് ഉറവ അധിഷ്ഠിത നീർത്തട വികസന പദ്ധതിയുടെ ഭാഗമായി നീർത്തട ഗ്രാമസഭ സംഘടിപ്പിച്ചു. നെല്ലിമാളം ശ്രേയസ് കമ്മ്യൂണിറ്റി ഹാളിലായിരുന്നു പരിപാടി.
വാർഡ് അംഗം രാധാമണി അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ സുസ്ഥിരതയ്ക്കും സുതാര്യതയ്ക്കും സമയബന്ധിതമായ നിർവഹണത്തിനും കാര്യക്ഷമത ഉറപ്പാക്കുന്നതിനും ചേരുന്ന ഗ്രാമസഭയിൽ എല്ലാവരുടെയും പങ്കാളിത്തം ഉണ്ടാകണമെന്നു അവർ പറഞ്ഞു.
ശ്രേയസ് എക്സിക്യുട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ പദ്ധതി വിശദീകരണം നടത്തി. പദ്ധതിയുടെ ഉടമാവകാശം ജനങ്ങൾ ഏറ്റെടുക്കുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനും നീർത്തടക്കമ്മിറ്റി പ്രദേശിക തലത്തിലുള്ള സ്ഥാപനമായി വളരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കമ്മിറ്റി പ്രസിഡന്റ് പി.ആർ. കൃഷ്ണൻകുട്ടി, സെക്രട്ടറി സെലീന സാബു, ട്രഷറർ സി. രമേശ്, ശ്രേയസ് പ്രോജക്ട് മാനേജർ കെ.വി. ഷാജി, നീർത്തട നിവാസികളുടെ പ്രതിനിധികളായ ചന്ദ്രശേഖരൻതന്പി, ബിനു എന്നിവർ പ്രസംഗിച്ചു. ഇതിനകം നടത്തിയ പ്രവർത്തനങ്ങൾ ഗ്രാമസഭ അവലോകനം ചെയ്തു.
അടുത്ത ആറ് മാസത്തേക്കുള്ള പരിപാടികൾ ചർച്ചചെയ്തു. ഇടിഞ്ഞകൊല്ലി, മുണ്ടുപാറ ക്ലസ്റ്ററുകളിൽ യോഗം ചേരാൻ തീരുമാനിച്ചു. നീർത്തടക്കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ആദായകരമായ കോഴിവളർത്തൽ എന്ന വിഷയത്തിൽ ക്ലാസ് നടത്തി. ശ്രേയസ് പ്രവർത്തകരായ പി.കെ. മഞ്ജു, സി. നീതു, ലിമ ജേക്കബ് എന്നിവർ നേതൃത്വം നൽകി.