ബാങ്കേഴ്സ് മീറ്റ് നടത്തി
1533509
Sunday, March 16, 2025 6:05 AM IST
സുൽത്താൻ ബത്തേരി: ലോക ബാങ്കിന്റെ റൈസിംഗ് ആൻഡ് ആക്സിലറേറ്റിംഗ് എംഎസ്എംഇ പെർഫോമൻസ് പദ്ധതിയുടെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേത്യത്വത്തിൽ സപ്ത റിസോർട്ടിൽ ബാങ്കേഴ്സ് മീറ്റ് നടത്തി. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
സംരംഭങ്ങൾ തുടങ്ങുന്നതിനു മുന്‍പ് വ്യവസായങ്ങളെയും വിപണിസാധ്യതകളെയും കുറിച്ച് പഠനം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. വയനാടിന്റെ ബ്രാൻഡ് വാല്യു വേണ്ടവിധം ഉപയോഗപ്പെടുത്താൻ ജില്ലയിലെ ചെറുകിട സംരംഭകർക്ക് കഴിഞ്ഞിട്ടില്ലെന്ന് എംഎൽഎ അഭിപ്രായപ്പെട്ടു. കനറ ബാങ്ക്, കേരള ബാങ്ക്, കേരള ഗ്രാമീണ്‍ ബാങ്ക് പ്രതിനിധികൾക്ക് ബെസ്റ്റ് പെർഫോമൻസ് അവാർഡ് അദ്ദേഹം സമ്മാനിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു. എഡിഎം കെ. ദേവകി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആർ. രമ, എൽഡിഎം ടി.എം. മുരളീധരൻ, കഐസ്എസ്ഐഎ പ്രസിഡന്റ് പി.ടി. സുരേഷ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ബി. ഗോപകുമാർ, വ്യവസായ അസിസ്റ്റന്റ് ഡയറക്ടർ അഖില സി. ഉദയൻ എന്നിവർ പ്രസംഗിച്ചു.