കേരള കോണ്ഗ്രസ്-എം പാർലമെന്റ് മാർച്ച് 27ന്; ജില്ലാതല പ്രചാരണ ജാഥ 18ന്
1533498
Sunday, March 16, 2025 6:00 AM IST
സുൽത്താൻ ബത്തേരി: മലയോരമേഖലകളിലെ വന്യമൃഗശല്യത്തിന് പരിഹാരം തേടി കേരള കോണ്ഗ്രസ്-എം 27ന് പാർലമെന്റ് മാർച്ച് നടത്തും. പാർട്ടി ചെയർമാൻ ജോസ് കെ. മാണി നയിക്കുന്ന ധർണയുടെ പ്രചാരണത്തിന് ജില്ലയിൽ 18,19,20 തീയതികളിൽ ജാഥ നടത്തും. 18ന് വൈകുന്നേരം നാലിന് മുള്ളൻകൊല്ലി പഞ്ചായത്തിലെ പാടിച്ചിറയിൽ ആരംഭിക്കുന്ന ജാഥ 20ന് വൈകുന്നേരം അഞ്ചിന് കൽപ്പറ്റയിൽ സമാപിക്കും.
നിരവധി കേന്ദ്രങ്ങളിൽ ജാഥ പര്യടനം നടത്തും. പരിപാടി വിജയിപ്പിക്കാൻ പാർട്ടി നിയോജകമണ്ഡലം കണ്വൻഷൻ തീരുമാനിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. ദേവസ്യ ഉദ്ഘാടനം ചെയ്തു. വന്യജീവി സംരക്ഷണത്തിന്റെ പേരിൽ നടപ്പാക്കിയ കാടൻ നിയമങ്ങൾ തിരുത്താൻ അധികാരികൾ തയാറാകുന്നില്ലെങ്കിൽ ജനം നിയമം കൈയിലെടുക്കുന്ന സാഹചര്യം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
നിയോജകമണ്ഡലം പ്രസിഡന്റ് ടി.ഡി. മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജോസഫ് മാണിശേരി, സെക്രട്ടറി ബില്ലി ഗ്രഹാം, കെ.കെ. ബേബി, വി.പി. അബ്ദുൾഗഫൂർ ഹാജി, റെജി ഒലിക്കരോട്ട്, കുര്യൻ ജോസഫ്, വിൽസണ് നെടുംകൊന്പിൽ, പി.എം. ജയശ്രീ, മാത്യു എടേക്കാട്ട്, അഡ്വ.ജോണ്സണ്, ടോം ജോസ്, ജോസ് തോമസ്, റസാഖ് ബീനാച്ചി. ടി.എസ്. ജോർജ് എന്നിവർ പ്രസംഗിച്ചു.