ചൂരൽമല ടൗണ്‍ പുനർ രൂപകൽപന പദ്ധതി ഗൂഢനീക്കത്തിന്റെ ഭാഗം: പ്രകൃതി സംരക്ഷണ സമിതി
1533502
Sunday, March 16, 2025 6:00 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടലിൽ തകർന്ന ചൂരൽമല ടൗണിനെ പുനർ രൂപകൽപന ചെയ്യാനുള്ള പദ്ധതി ഗൂഢനീക്കത്തിന്റെ ഭാഗമാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചു. ചൂരൽമല ടൗണിനെ വീണ്ടെടുക്കാനെന്ന പേരിൽ ദുരന്തമേഖലയിൽ തലങ്ങും വിലങ്ങും റോഡുകൾ നിർമിക്കാനുള്ള തീരുമാനം ടൂറിസം സംരംഭകരെയും കരാറുകാരെയും സഹായിക്കാനാണെന്ന് യോഗം കുറ്റപ്പെടുത്തി.
സമാനതകളില്ലാത്ത ദുരന്തത്തിന് ഇരകളായവരുടെ പുനരധിവാസം വൈകുന്ന സാഹചര്യത്തിലാണ് റോഡുകളുടെ നിർമാണവും പാലം പണിയും പുന്നപ്പുഴ വൃത്തിയാക്കലും ധൃതിപ്പെട്ട് കരാർ നൽകുന്നത്. ജനങ്ങൾ താമസമൊഴിയുന്ന പ്രദേശമാണെങ്കിൽപോലും ഭൂമി സംരക്ഷണത്തിനും കൃഷി പരിപാലനത്തിനും റോഡുകൾ ആവശ്യമാണെന്ന റവന്യു മന്ത്രി കെ. രാജന്റെ കണ്ടെത്തൽ അസംബന്ധമാണ്.
പുന്നപ്പുഴയിൽ അടിഞ്ഞ മണ്ണും പാറകളും മരങ്ങളും നീക്കം ചെയ്യുന്നത് മണ്ടൻ പ്രവൃത്തിയാണ്. ലോകത്ത് ഒരിടത്തും ഉരുൾപൊട്ടിയ പ്രദേശത്തെയും നദികളിലെയും അനേകലക്ഷം ക്യൂബിക്ക് മീറ്റർ വരുന്ന അവശിഷ്ടങ്ങൾ നീക്കാൻ കരാർ നൽകിയതായി കേട്ടിട്ടില്ല. ദുരന്തത്തെത്തുടർന്ന് ഒറ്റപ്പെട്ടതും പരിസ്ഥിതി ദുർബലവുമായ പ്രദേശത്തെ ജനങ്ങളുടെ കൃഷിഭൂമി ഏറ്റെടുക്കുകയും അവരെ പുനരധിവസിപ്പിക്കുകയുമാണ് ആദ്യം ചെയ്യേണ്ടത്. കേന്ദ്ര സർക്കാർ അനുവദിച്ച 120 കോടി രൂപ ചെലവഴിക്കേണ്ടത് അതിനാണ്. പടവെട്ടിക്കുന്നു പ്രദേശത്തെ മുപ്പതോളം കടുംബങ്ങളുടെ പുനരധിവസിപ്പിക്കണമെന്ന മുറവിളി സർക്കാർ കേൾക്കുന്നില്ല.
ദുരന്തത്തിനുശേഷം സർക്കാർ നിശ്ചയിച്ച ജോണ്‍ മത്തായി കമ്മറ്റിയുടെ ശിപാർശകൾ ഇരകൾക്ക് നീതി നൽകാത്തതും ടൂറിസം, ഖനന ലോബിയെ സഹായിക്കുന്നതും സർക്കാരിന്റെ ഗൂഢ ലക്ഷ്യം നിർവഹിക്കുന്നതുമാണ്. ഡിഡാസ്റ്റർ ടൂറിസത്തിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കലാണ് ചൂരൽമല ടൗണ്‍ റി ഡിസൈൻ പ്രോജക്ട്.
ഇതിനെതിരേ പ്രതികരിക്കണമെന്ന് സമിതി ജനങ്ങളോട് അഭ്യർഥിച്ചു. പ്രസിഡന്റ് എൻ. ബാദുഷ അധ്യക്ഷത വഹിച്ചു. എം. ഗംഗാധരൻ, തോമസ് അന്പലവയൽ, സണ്ണി മരക്കടവ്, ബാബു മൈലന്പാടി, എ.വി. മനോജ്, പി.എം. സുരേഷ്, രാധാകൃഷ്ണലാൽ, സി.എ. ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.