വനംവകുപ്പ് തെരച്ചിൽ നടത്തി : ജനവാസ കേന്ദ്രത്തിൽ കടുവ
1533851
Monday, March 17, 2025 6:19 AM IST
പുൽപ്പള്ളി: സുരഭിക്കവലയിലെ ജനവാസ മേഖലയിൽ നാട്ടുകാർ കടുവയെ കണ്ടതിനെ തുടർന്ന് വനംവകുപ്പ് പ്രദേശത്ത് തെരച്ചിൽ നടത്തി. ശനിയാഴ്ച രാത്രി 9.30ഓടെ റെന്നി മങ്ങാട്ടുകുന്നേലിന്റെ വീടിന് സമീപത്തെ കൃഷിയിടത്തിൽ കാട്ടുപന്നിയുടെ അലർച്ച കേട്ടതിനെ തുടർന്ന് വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന വനപാലകരെത്തി പ്രദേശത്ത് തെരച്ചിൽ നടത്തി മടങ്ങിപ്പോയി.
ഇന്നലെ പുലർച്ചെ സുരഭിക്കവല - ഗ്രാമശ്രീക്കവല റോഡിന് സമീപം കടുവ റോഡ് മുറിച്ചുകടക്കുന്നത് വാഹന യാത്രക്കാർ കണ്ടതിനെത്തുടർന്ന് വനംവകുപ്പ് വീണ്ടും പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും കടുവയുടെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ല.
പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രദേശത്ത് തെരച്ചിൽ നടത്തിയത്. കഴിഞ്ഞ വർഷം ഈ പ്രദേശത്തെ പാലമറ്റം സുനിലിന്റെ ആടിനെ കടുവ പിടികൂടിയിരുന്നു. ഇതേത്തുടർന്ന് വനംവകുപ്പ് കടുവയെ കൂടുവച്ച് പിടികൂടിയിരുന്നു.