പുഞ്ചിരിമട്ടം പുനരധിവാസം: കൂടുതൽ കുടുംബങ്ങൾ സമ്മതപത്രം നൽകിയേക്കും
1533850
Monday, March 17, 2025 6:19 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസത്തിന് സർക്കാർ നടപ്പാക്കുന്ന ഭവന പദ്ധതിയുടെ ആദ്യഘട്ടം ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടതിൽ കൂടുതൽ കുടുംബങ്ങൾ ഈയാഴ്ച ജില്ലാ ഭരണകൂടത്തിന് സമ്മതപത്രം നൽകിയേക്കും. നഗരപരിധിയിലെ എൽസ്റ്റൻ എസ്റ്റേറ്റിൽ സജ്ജമാക്കുന്ന ടൗണ്‍ഷിപ്പിൽ ഏഴ് സെന്റിൽ വീട്, അല്ലെങ്കിൽ 15 ലക്ഷം രൂപ. ഇതിൽ ഏത് വേണമെന്നതിലാണ് ദുരന്ത ബാധിത കുടുംബങ്ങൾ സമ്മതപത്രം നൽകേണ്ടത്.
ടൗണ്‍ഷിപ്പ് ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയിൽ 242 കുടുംബങ്ങളാണുള്ളത്. പൂരിപ്പിച്ച് തിരിച്ചേൽപ്പിക്കുന്നതിന് ഇവർക്കെല്ലാം ജില്ലാ ഭരണകൂടം സമ്മതപത്രം ലഭ്യമാക്കിയിരുന്നു. ഇതിൽ 29 പേരാണ് ഇതിനകം സമ്മതപത്രം പൂരിപ്പിച്ചുനൽകിയത്. 26 കുടുംബങ്ങൾ വീടും മൂന്നു കുടുംബങ്ങൾ സഹായധനവുമാണ് തെരഞ്ഞെടുത്തത്.
പുനരധിവാസത്തിനുള്ള രണ്ട് എ അന്തിമ പട്ടികയിൽ 87 കുടുംബങ്ങളുണ്ട്. രണ്ട് ബി കരടുപട്ടികയിൽ 70 കുടുംബങ്ങളാണുള്ളത്. പുനരധിവാസ പട്ടികയിൽ ഉൾപ്പെട്ടവരിൽനിന്ന് ഈ മാസം 24 വരെയാണ് സമ്മതപത്രം സ്വീകരിക്കുന്നത്. ഒന്നാം ഘട്ട പട്ടികയിൽ ഉൾപ്പെട്ടതിൽ ജില്ലാ ഭരണകൂടത്തിന് സമ്മതപത്രം കൈമാറിയതിൽ അധികവും ഉരുൾപൊട്ടലിൽ തകർന്ന എസ്റ്റേറ്റ് പാടികളിൽ താമസിച്ചിരുന്നവരാണ്.
ഇതിനകം പ്രസിദ്ധപ്പെടുത്തിയ മൂന്നു പട്ടികകളുമായി ബന്ധപ്പെട്ട് ഉയർന്ന ആക്ഷേപങ്ങൾ പൂർണമായും തീർപ്പാക്കിയിട്ടില്ല. പുനരധിവസിപ്പിക്കേണ്ട കുടുംബങ്ങളുടെ എണ്ണം 430ൽ അധികരിക്കില്ലെന്ന നിലപാടിലാണ് സർക്കാർ. എന്നാൽ പുനരധിവാസത്തിന് അർഹരായ കുടുംബങ്ങളുടെ എണ്ണം 530ൽ അധികം വരുമെന്നാണ് ദുരന്തബാധിതരുടെ കൂട്ടായ്മ ഭാരവാഹികൾ പറയുന്നത്.
വിവിധ രാഷ്ട്രീയ പാർട്ടികളും സന്നദ്ധ പ്രസ്ഥാനങ്ങളും ഉരുൾ ദുരന്ത ബാധിതർക്ക് ഭവന പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാരിന്റെ പുനരധിവാസ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടതിൽ നിരവധിയാളുകൾ ടൗണ്‍ഷിപ്പിൽ വീട് സ്വീകരിക്കണമോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലാണ്.
രാഷ്ട്രീയ പാർട്ടികളോ സന്നദ്ധ പ്രസ്ഥാനങ്ങളോ നൽകുന്ന വീടും സർക്കാർ അനുവദിക്കുന്ന 15 ലക്ഷം രൂപയും സ്വീകരിക്കുന്നതാണ് ഉചിതമെന്ന് ചിന്തിക്കുന്നവർ കുറവല്ല. ടൗണ്‍ഷിപ്പിലേക്കുള്ള ദുരന്തബാധിതരുടെ അന്തിമ പട്ടിക പ്രസിദ്ധപ്പെടുത്തുന്ന മുറയ്ക്ക് ഗുണഭോക്തൃ കുടുംബങ്ങളെ തെരഞ്ഞെടുക്കാനുള്ള തീരുമാനത്തിലാണ് ഭവന പദ്ധതി പ്രഖ്യാപിച്ച വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും.
സർക്കാർ പട്ടികയിലെ ഗുണഭോക്താക്കൾക്ക് ഭവന പദ്ധതിയിൽ മുൻഗണന നൽകാനാണ് ചില രാഷ്ട്രീയ പാർട്ടികളുടെ തീരുമാനം. എന്നാൽ സർക്കാർ പട്ടികകൾക്കു പുറത്തുപോയ ദുരന്തബാധിതർക്കായാണ് ചില സന്നദ്ധ സംഘടനകൾ നിലകൊള്ളുന്നത്. സർക്കാരിതര ഏജൻസികളും ഭവന പദ്ധതിയുമായി രംഗത്തുള്ളതിനാൽ ഉരുൾ ദുരന്ത മേഖലയിലെ ഒരു കുടുംബത്തിനും വീട് ഇല്ലാത്ത സാഹചര്യം ഉണ്ടാകില്ലെന്ന് കരുതുന്നവരാണ് ജില്ലയിലെ പൊതുജനങ്ങളിൽ അധികവും.