നൂൽപ്പുഴയിലെ അങ്കണവാടിയിൽ കുട്ടികളുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുന്നു
1533503
Sunday, March 16, 2025 6:00 AM IST
സുൽത്താൻ ബത്തേരി: നൂൽപ്പുഴ പഞ്ചായത്തിലെ അങ്കണവാടികളിൽ കുട്ടികളുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുന്നു. യുണൈറ്റഡ് ബാംഗ്ലൂർ എന്ന സംഘടനയുടെ സഹായത്തോടെ അങ്കണവാടികളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ്, വൈസ് പ്രസിഡന്റ് എൻ.എ. ഉസ്മാൻ, ബ്ലോക്ക് ഡിവിഷൻ അംഗം എം.എ. അസൈനാർ, പഞ്ചായത്ത് അംഗങ്ങളായ മിനി സതീശൻ, ഓമന പങ്കളം, എം.എം. ദിനേശൻ, സണ്ണി തയ്യിൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മാറ്റമില്ലാതെ തുടരുന്ന ഭക്ഷണക്രമം കുട്ടികളിൽ അരുചിക്കും അങ്കണവാടികളിൽ എത്തുന്നതിൽ വിമുഖതയ്ക്കും ഇടയാക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഏപ്രിൽ ഒന്നുമുതൽ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുന്നത്. ആഴ്ചയിൽ ആറ് ദിവസവും വ്യത്യസ്ത ഭക്ഷണമാണ് കുട്ടികൾക്ക് നൽകുക.
പ്രഭാത ഭക്ഷണമായി റാഗി പായസം, പോഷക ദോശ, മുട്ടക്കറി, ഇഡ്ലി-സാന്പാർ, റവ ഉപ്പുമാവ്, ചെറുപഴം, പുട്ട്-കടലക്കറി, ഉച്ചയ്ക്ക് മിക്സഡ് കഞ്ഞി, ചോറ്-സാന്പാർ, ഇലക്കറികൾ, കഞ്ഞി, ചെറുപയർ, തേങ്ങ ചട്നി, പഴങ്ങൾ, വൈകുന്നേരം ഉപ്പുമാവ്, പാല്, ന്യൂട്രിലഡ്, സുഗീൻ, ചെറുപയർ-ഗോതന്പ് പായസം, തേങ്ങയും ശർക്കരയും ചേർത്ത അവൽ എന്നിവയാണ് നൽകുക.