റേഷൻ വ്യാപാരികളുടെ പ്രതിമാസ വേതനം പരിഷ്കരിക്കണമെന്ന്
1492606
Sunday, January 5, 2025 5:45 AM IST
മാനന്തവാടി: റേഷൻ വ്യാപാരികളുടെ കുറഞ്ഞ പ്രതിമാസ വേതനം 30,000 രൂപയാക്കി പരിഷ്കരിക്കണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ താലൂക്ക് കണ്വൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
2018നുശേഷം റേഷൻ വ്യാപാരികളുടെ വേതനം പരിഷ്കരിച്ചിട്ടില്ല. ഏത് റേഷൻ കടയിൽനിന്നും കാർഡ് ഉടമകൾക്ക് സാധനങ്ങൾ വാങ്ങാം എന്ന വ്യവസ്ഥ നടപ്പാക്കിയതോടെ മൂവായിരത്തോളം ചെറുകിട റേഷൻ വ്യാപാരികൾ 6,000 മുതൽ 15,000 വരെ രൂപ പ്രതിമാസ വേതനം ലഭിക്കുന്നവരായി മാറി.
കട വാടക വൈദ്യുതി ചാർജ്, സെയിൽസ്മാന്റെ വേതനം തുടങ്ങിയ ചെലവുകൾക്ക് പ്രതിമാസം ലഭിക്കുന്ന കമ്മീഷൻ തികയാത്ത സാഹചര്യമാണുള്ളത്. വ്യാപാരികളുടെ വേതനം അതതു മാസം റേഷൻ വിതരണം കഴിഞ്ഞ് അഞ്ച് ദിവസത്തിനകം ലഭ്യമാക്കണമെന്നും കണ്വൻഷൻ ആവശ്യപ്പെട്ടു
സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പി. ഷാജി യവനാർകുളം അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ശ്രീജൻ കോഴിക്കോട് മുഖ്യപ്രഭാഷണം നടത്തി. എം. ഷറഫുദ്ദീൻ, ജില്ലാ പ്രസിഡന്റ് പി. കുഞ്ഞബ്ദുള്ള, ജനറൽ സെക്രട്ടറി എം.പി. അനിരുദ്ധൻ, ട്രഷറർ പ്രഭാകരൻ നായർ പലവല്ലി, കെ.വി. ജോണി, കെ.ജി. രാമകൃഷ്ണൻ, റഫീഖ് കല്ലോടി, ബേബി വാളാട് എന്നിവർ പ്രസംഗിച്ചു.