പുഷ്പോത്സവം ഹൃദയത്തിലേറ്റി വയനാടൻ ജനത
1492995
Monday, January 6, 2025 5:52 AM IST
കൽപ്പറ്റ: കേരള കാർഷിക സർവകലാശാലയും സംസ്ഥാന കാർഷിക വികസന-കർഷക ക്ഷേമ വകുപ്പും സംയുക്തമായി അന്പലവയൽ മേഖല കാർഷിക ഗവേഷണ കേന്ദ്രത്തിൽ സംഘടിപ്പിച്ച ഒന്‍പതാമത് അന്താരാഷ്ട്ര പുഷ്പമേള(പൂപ്പൊലി-2025)ഹൃദയത്തിൽ ഏറ്റുവാങ്ങി വയനാടൻ ജനത.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നു ദിവസവും ആയിരങ്ങളാണ് പുഷ്പോത്സവനഗരിയിൽ എത്തുന്നത്. പൂപ്പൊലി തുടങ്ങി ദിവസങ്ങൾ പിന്നിടുംതോറും സന്ദർശകത്തിരക്ക് വർധിക്കുകയാണെന്ന് ഗവേഷണ കേന്ദ്രം മേധാവി ഡോ.യാമിനി വർമ, പബ്ലിസിറ്റി ചുമതലയുള്ള അസി. പ്രഫ ഡോ. എം.ടി. ചിത്ര എന്നിവർപറഞ്ഞു. പുഷ്പോത്സവം ആസ്വദിക്കാൻ വിദേശ സഞ്ചാരികളും അന്പലവയലിൽ എത്തുന്നുണ്ട്. ജനുവരി ഒന്നിനായിരുന്നു പുഷ്പോത്സവത്തിനു തുടക്കം. 15നാണ് സമാപനം.
അത്യപൂർവ ഇനങ്ങളിൽപ്പെട്ടതടക്കം പൂക്കളുടെ ശേഖരമാണ് പൂപ്പൊലിയുടെ മുഖ്യ ആകർഷണം. പെറ്റൂണിയ, ഫ്ളോക്സ്, പാൻസി, ഡാലിയ, ചൈന ആസ്റ്റർ, മാരിഗോൾഡ്, ടോറീനിയ, കോസ്മോസ്, ഡയാന്തസ്, സാൽവിയ, ജമന്തി, അലൈസം, കാൻഡിടഫ്റ്റ്, ബ്രാക്കിക്കോം, കാലൻഡുല, പൈറോസ്റ്റീജിയ... ഇങ്ങനെ നീളുന്നതാണ് ഏകദേശം 12 ഏക്കർ വരുന്ന പൂപ്പൊലി നഗരയിലെ പുഷ്പ വൈവിധ്യം.
കാലീഷ്യ, സെബ്രിന, റിയോ, ഡ്രസീന, സെടം തുടങ്ങിയ ഇനം ഇലച്ചെടികൾ, കലാരൂപങ്ങൾ തുടങ്ങിയവയും പുഷ്പോത്സവ നഗരിയെ ചേതോഹരമാക്കുകയാണ്. വിവിധ സർക്കാർ വകുപ്പുകളുടേതടക്കം 200 ഓളം പ്രദർശന സ്റ്റാളുകൾ, കുട്ടികളുടെ ഉദ്യാനം, വിവിധ തരം റൈഡുകൾ തുടങ്ങിയവയും നഗരിയിലുണ്ട്. കർഷകർക്കായി ശിൽപശാലകൾ, സെമിനാറുകൾ എന്നിവ പൂപ്പൊലിയുടെ ഭാഗമായി നടത്തുന്നുണ്ട്.
വിജ്ഞാനപ്രദമായ സെമിനാറുകളിലും ശിൽപശാലകളിലും വലിയ കർഷക പങ്കാളിത്തമാണ് ഉണ്ടാകുന്നത്.