മാനന്തവാടിയിൽ "കരുതലും കൈത്താങ്ങും’ അദാലത്ത് ഇന്ന്
1492429
Saturday, January 4, 2025 6:24 AM IST
കൽപ്പറ്റ: "കരുതലും കൈത്താങ്ങും’ മാനന്തവാടി താലൂക്കുതല അദാലത്ത് അന്പുകുത്തി സെന്റ് തോമസ് ഓഡിറ്റോറിയത്തിൽ ഇന്നു രാവിലെ 9.30 മുതൽ നടക്കും. വനം-വന്യജീവി സംരക്ഷണ മന്ത്രി എ.കെ. ശശീന്ദ്രൻ, പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു എന്നിവരുടെ നേതൃത്വത്തിൽ പരാതികൾ പരിഗണിക്കും. മുൻകൂട്ടി ലഭിച്ചതിനുപുറമേ പുതിയ പരാതികളും അദാലത്തിൽ സ്വീകരിക്കും.
വിവിധ വകുപ്പുകളുടെ കൗണ്ടറുകൾ പൊതുജനങ്ങൾക്കായി സജ്ജീകരിക്കും. പരാതിക്കാർക്ക് ടോക്കണ്‍ നൽകിയാണ് മന്ത്രിമാരെ നേരിൽക്കണ്ട് പരാതി ബോധിപ്പിക്കാൻ അവസരം നൽകുക. ഭൂമി സംബന്ധമായ വിഷയങ്ങൾ, പോക്കുവരവ്, അതിർത്തി നിർണയം, അനധികൃത നിർമാണം, ഭൂമി കൈയേറ്റം, അതിർത്തിത്തർക്കം, വഴി തടസപ്പെടുത്തൽ, സർട്ടിഫിക്കറ്റുകൾ-ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം, നിരസിക്കൽ, കെട്ടിട നിർമാണച്ചട്ടങ്ങൾ, കെട്ടിട നന്പർ, നികുതി, വയോജന സംരക്ഷണം,
പട്ടികജാതി-വർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ, മത്സ്യബന്ധന തൊഴിലാളികൾ, ശാരീരിക, ബുദ്ധി, മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ പുനരധിവാസം, സഹായധനം, പെൻഷൻ, പരിസ്ഥിതി മലിനീകരണം, മാലിന്യ സംസ്കരണം, പൊതുജല സ്രോതസുകളുടെ സംരക്ഷണം, കുടിവെള്ളം, റേഷൻ കാർഡ്, കാർഷിക വിളകളുടെ സംഭരണം, വിതരണം, വിള ഇൻഷ്വറൻസ്,
വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം, സഹായം, ഈ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ഭക്ഷ്യ സുരക്ഷ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി, ആരോഗ്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, വന്യജീവി ആക്രമണത്തിൽനിന്നുള്ള സംരക്ഷണം, നഷ്ടപരിഹാരം, വിവിധ സ്കോളർഷിപ്പുകൾ, തണ്ണീർത്തട സംരക്ഷണം, അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റൽ, പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം എന്നീ വിഷയങ്ങളിലെ പരാതികളാണ് അദാലത്തിൽ പരിഗണിക്കുക.