സമഗ്ര ഗ്രാമ വികസനം: പദ്ധതികൾ ഗുണഭോക്താക്കൾക്കു കൈമാറി
1492430
Saturday, January 4, 2025 6:24 AM IST
കൽപ്പറ്റ: എച്ച്ഡിഎഫിസി ബാങ്ക് കോർപറേറ്റ് സാമൂഹിക ഉത്തരവാദിത്ത പരിപാടിയുടെ ഭാഗമായി ഡോ.എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷൻ പുത്തൂർവയൽ ഗവേഷണനിലയം മുഖേന പൂർത്തിയാക്കിയ പ്രോജക്ടുകൾ ഗുണഭോക്താക്കൾക്ക് കൈമാറി. വരുമാനമാർഗങ്ങൾ വൈവിധ്യവത്കരിച്ച് കർഷക സമൂഹത്തിന്റെ സാന്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുക,
ഉത്തമ കാർഷികവൃത്തിയിലൂടെ ഉത്പാദനം വർധിപ്പിക്കുക, കാർഷിക-കാർഷികേതര സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ വയനാട്, ഇടുക്കി ജില്ലകളിലെ 20 വില്ലേജുകളിലാണ് പ്രോജക്ടുകൾ നടപ്പാക്കിയത്.
പ്രോജക്ടുകളുടെ കൈമാറ്റം പുത്തൂർവയലിൽ സംഘടിപ്പിച്ച ചടങ്ങിൽ അസിസ്റ്റന്റ് കളക്ടർ ഗൗതംരാജ് നിർവഹിച്ചു. സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ ഡോ.എൻ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. എച്ച്ഡിഎഫ്സി ബാങ്ക് കൽപ്പറ്റ ബ്രാഞ്ച് മാനേജർ ശങ്കർ പ്രഭാകരൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആർ. രമ, പ്രിൻസിപ്പൽ കൃഷി ഓഫീസർ സുധീശൻ,
എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ഡയറക്ടർ ഡോ.വി. ഷക്കീല, കേരള സ്റ്റാർട്ടപ്പ് മിഷൻ സീനിയർ ഫെലോ റോണി കെ. റോയ്, എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ പ്രോജക്ട് മാനേജർ എം.കെ. ബിനേഷ്, സീനിയർ സയന്റിസ്റ്റ് പ്രജീഷ് പരമേശ്വരൻ, പ്രോജക്ട് കോ ഓർഡിനേറ്റർമാരായ എൻ. ഗോപാലകൃഷ്ണൻ, സിജോ തോമസ്, വിവിധ പ്രോജക്ട് വില്ലേജുകളിൽനിന്നുള്ള പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.