കാഴ്ചക്കാരിൽ ആവേശം നിറച്ച് ഇസ്രോയുടെ പ്രദർശന സ്റ്റാൾ
1492980
Monday, January 6, 2025 5:15 AM IST
സുൽത്താൻ ബത്തേരി: സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ ശാസ്ത്ര-സാങ്കേതിക മേളയിൽ ശാസ്ത്ര കുതുകികളിൽ ആവേശം നിറച്ച് ഇസ്രോയുടെ(ഐഎസ്ആർഒ) പ്രദർശന സ്റ്റാൾ. ഇസ്രോയുടെ ചരിത്രവും വർത്തമാനവും വ്യക്തമാകുന്ന വിവരണങ്ങളും ചെറു മാതൃകകളും പ്രദർശനത്തെ ആകർഷകമാക്കി.
രാജ്യം സ്ഥാപിക്കാനൊരുങ്ങുന്ന ബഹിരാകാശ നിലയത്തിന്റെ ചിത്രം സഹിതമുള്ള വിവരണം, വിക്രം സാരാഭായിയുടെ ചരിത്രം, സൗണ്ടിംഗ് റോക്കറ്റ്, രാജ്യം വിക്ഷേപിച്ച ആദ്യ റോക്കറ്റ് രോഹിണി 75, ലോഞ്ചിംഗ് വെഹിക്കിളുകൾ, റോക്കറ്റ് എൻജിനുകൾ, ഭാരതത്തിന്റെ ആദ്യ പുനരുപയോഗ ബഹിരാകാശ വാഹനം, ബഹിരാകാശ യാത്രാപേടകം, രാജ്യം വിക്ഷേപിച്ച എട്ട് കൃത്രിമ ഉപഗ്രഹങ്ങൾ എന്നിവയുടെ മാതൃക തുടങ്ങിയവ സ്റ്റാളിലുണ്ട്.
ഇസ്രോയുടെ പ്രദർശനം കാണാൻ നിരവധിയാളുകളാണ് സ്റ്റാളിൽ എത്തുന്നത്. തിരുവനന്തപുരം തുന്പ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് ഉദ്യോഗസ്ഥർ മാതൃകകൾ കൊണ്ടുവന്ന് സ്റ്റാൾ ഒരുക്കിയത്.