ബത്തേരി അർബൻ ബാങ്ക് വിവാദം സമഗ്ര അന്വേഷണം വേണം: എൽജെപി
1492432
Saturday, January 4, 2025 6:27 AM IST
സുൽത്താൻ ബത്തേരി: ബത്തേരി അർബൻ ബാങ്ക് കോഴ വിവാദവും ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യയെക്കുറിച്ചും സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ നൽകണമെന്ന് എൽജെപി (ലോക് ജൻശക്തി പാർട്ടി) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കഴിഞ്ഞ ഒരു പതിറ്റാണ്ടായി വയനാട് സഹകരണ മേഘലയിലെ നിയമനങ്ങൾ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന്റെ പിൻതുണയോടെയാണ് നടന്ന് വരുന്നത്. അഭ്യസ്ഥവിദ്യരും അർഹരുമായവർക്ക് നിയമനം ലഭിക്കാറില്ല. കഴിഞ്ഞ പത്ത് വർഷമായി ജില്ലയിലെ സഹകരണ മേഘലയിലെ നിയമനങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും എൽജെപി ആവശ്യപ്പെട്ടു.
ബാങ്കുകളുടെ സാന്പത്തിക നിലനിൽപ്പുപോലും പരിഗണിക്കാതെ തസ്തികകൾ നിർമിച്ച് സ്വന്തക്കാരെയും അർഹത ഇല്ലാത്ത പാർട്ടിക്കാരെയും നിയമിച്ച് ലക്ഷങ്ങൾ കോഴ വാങ്ങുകയാണ്. ഇത് അവസാനിപ്പിച്ചില്ലെങ്കിൽ പലസഹകരണസ്ഥാപനങ്ങളും സാന്പത്തികമായി കൂപ്പ്കുത്തും.
ഇതിനെതിരേ ശക്തമായ സമരപരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കാനും അധികൃതർക്ക് പരാതികൾ സമർപ്പിക്കാനും യോഗം തീരുമാനിച്ചു. ജില്ലാപ്രസിഡന്റ് കെ.കെ. രാജൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടനാ സെക്രട്ടറി ഇ.പി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. പുതുതായി പാർട്ടിയിൽ ചേർന്നവരെ യൂത്ത് സംസ്ഥാന പ്രസിഡന്റ് ഗിരീഷ് കുമാർ പൊന്നാട അണിയിച്ച് സ്വീകരിച്ചു.