താലൂക്കുതല അദാലത്തുകൾ ഫലപ്രദം: മന്ത്രി ഒ.ആർ. കേളു
1492605
Sunday, January 5, 2025 5:45 AM IST
മാനന്തവാടി: പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നത് ’കരുതലും കൈത്താങ്ങും’ പദ്ധതിയിൽ നടത്തുന്ന താലൂക്കുതല അദാലത്തുകൾ ഫലപ്രദമാണെന്ന് പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു.
അന്പുകുത്തി സെന്റ് തോമസ് ഓഡിറ്റോറിയത്തിൽ താലൂക്കുതല അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഷങ്ങൾ പഴക്കമുള്ളതടക്കം പരാതികൾക്ക് പരിഹാരം കാണാൻ അദാലത്തുകൾ ഉതകി. ജനങ്ങളുടെ പരാതികൾ കൂട്ടമായി പരിഹരിക്കാനും ഫയലുകൾ തീർപ്പാക്കാനുമാണ് സർക്കാർ താലൂക്കുതലങ്ങളിൽ അദാലത്ത് സംഘടിപ്പിച്ചത്.
പരാതികൾ ചെറുതായാലും വലുതായാലും ജനങ്ങളെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. ഓഫീസുകളിലെത്തുന്നവരുടെ പ്രശ്നങ്ങൾ െ തീർപ്പാക്കാൻ ശ്രമം ഉണ്ടാകണം. സർക്കാർ ഓഫീസുകൾ സേവനത്തിന്റെ മാതൃകയാകണമെന്നും മന്ത്രി പറഞ്ഞു. നഗരസഭാ ചെയർപേഴ്സണ് സി.കെ. രത്നവല്ലി അധ്യക്ഷത വഹിച്ചു.
ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, പനമരം പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ, വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ, തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണൻ, എഡിഎം കെ. ദേവകി എന്നിവർ പ്രസംഗിച്ചു.