ലൈഫ് ഭവന പദ്ധതി: തരംമാറ്റൽ നടപടികൾ വേഗത്തിലാക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ
1492428
Saturday, January 4, 2025 6:24 AM IST
സുൽത്താൻ ബത്തേരി: ലൈഫ് ഗുണഭോക്താക്കളുടെ ഭവന നിർമാണവുമായി ബന്ധപ്പെട്ട് ഭൂമി തരംമാറ്റൽ നടപടികൾ വേഗത്തിലാക്കുമെന്ന് വനം-വന്യജീവി സംരക്ഷണ മന്ത്രി എ.കെ. ശശീന്ദ്രൻ. "കരുതലും കൈത്താങ്ങും’ താലൂക്കുതല അദാലത്ത് നഗരസഭാ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂമി തരംമാറ്റുന്നതിന് നിരവധി അപേക്ഷകൾ അദാലത്തിൽ ലഭിക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് നടപടികൾ ഊർജിതമാക്കുന്നത്. ഒട്ടേറെ ജീവൽപ്രശ്നങ്ങളുടെ പരിഹാര വേദിയാവുകയാണ് അദാലത്തുകൾ. മന്ത്രിമാർ നേരിട്ട് പങ്കെടുത്താണ് ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നത്. ചെറുതും നിസാരമായതുമായ പരാതികൾ വരെ അദാലത്തുകളിൽ വരുന്നുണ്ട്.
വിവിധ വകുപ്പുകളുമായി ആലോചിക്കേണ്ട വിഷയങ്ങൾ ഒരു വേദിയിൽ വേഗം പരിഹരിക്കാൻ കഴിയുമെന്നതാണ് അദാലത്തിന്റെ പ്രത്യേകത. പരാതികളിൽ പരിശോധന ആവശ്യമെങ്കിൽ വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും. ഒട്ടും താമസിയാതെ നടപടിയെടുക്കും. ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം ജനങ്ങൾക്ക് നീതി വൈകരുതെന്നും മന്ത്രി പറഞ്ഞു. പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു അധ്യക്ഷത വഹിച്ചു.
ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, നഗരസഭാ ചെയർമാൻ ടി.കെ. രമേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ, നേർത്തേണ്‍ സർക്കിൾ സിസിഎഫ് കെ.എസ്. ദീപ, എഡിഎം കെ. ദേവകി, സബ്കളക്ടർ മിസാൽ സാഗർ ഭരത്, വൈൽഡ് ലൈഫ് വാർഡൻ വരുണ്‍ ഡാലിയ, സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ. രാമൻ എന്നിവർ പ്രസംഗിച്ചു.
വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ട പുൽപ്പള്ളി പുതിയിടംകുന്ന് ബസവിയുടെ അനന്തരവകാശികളായ എട്ടുപേർക്കായി അഞ്ചുലക്ഷം രൂപ സഹായധനവും വയനാട് വൈൽഡ് ലൈഫ് ഡിവിഷന് കീഴിലെ മുത്തങ്ങ, കുറിച്യാട്, ബത്തേരി റേഞ്ചുകളിലെ 37 പേർക്ക് 2,99,942 രൂപ നഷ്ടപരിഹാരവും വിതരണം ചെയ്തു.