ദുരന്തസാധ്യതാ പ്രദേശങ്ങളിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കണം: സിപിഐ(എംഎൽ)റെഡ്സ്റ്റാർ
1492170
Friday, January 3, 2025 5:51 AM IST
കൽപ്പറ്റ: വയനാട്ടിൽ പ്രകൃതിദുരന്തത്തിനു സാധ്യതയുണ്ടെന്നു കണ്ടെത്തിയ മുഴുവൻ പ്രദേശങ്ങളിലെയും കുടുംബങ്ങളെ യുദ്ധകാലാടിസ്ഥാനത്തിൽ പുനരധിവസിപ്പിക്കണമെന്ന് സിപിഐ(എംഎൽ)റെഡ്സ്റ്റാർ സംസ്ഥാന സെക്രട്ടറി എം.പി. കുഞ്ഞിക്കണാരൻ, ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.എം. ജോർജ്, പി.ടി. പ്രേമാനന്ദ്, ബിജി ലാലിച്ചൻ, ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റിയംഗം എം.കെ. ഷിബു എന്നിവർ വാർത്താസമ്മേളനത്തിൽ സർക്കാരിനോട് ആവശ്യപ്പെട്ടു.
ദുരന്തസാധ്യതാമേഖലയിലുള്ള കുടുംങ്ങളുടെ പുനരധിവാസത്തിന് ആവശ്യമായ ഭൂമി ജില്ലയിൽ ലഭ്യമാണ്. 1947ന് മുന്പ് വിദേശ കന്പനികളുടെ ഉടമസ്ഥതയിലായിരുന്നതും നിലവിൽ വിവിധ മാനേജ്മെന്റുകൾ കൈവശം വയ്ക്കുന്നതുമായ വൻകിട തോട്ടങ്ങൾ സർക്കാരിന് അവകാശപ്പെട്ടതാണ്. മതിയായ നിയമനിർമാണം നടത്തി അനധികൃത കൈവശ ഭൂമി സർക്കാർ പിടിച്ചെടുക്കണം.
പുഞ്ചിരിമട്ടം ദുരന്തബാധിരുടെ പുനരധിവാസത്തിനു കണ്ടെത്തിയ ഭൂമികൾ ഉടമകൾക്ക് നഷ്ടപരിഹാരം നൽകി സർക്കാരിന് ഏറ്റെടുക്കാമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് കാരണമാകും. തോട്ടം ഉടമകൾക്ക് നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കണമെന്ന കോടതി നിർദേശം സ്വാഗതാർഹമല്ല.
തോട്ടം ഭൂമി നിയവിരുദ്ധമായി കൈയടക്കിയവർക്കു സഹായകമാണ് വിധി. ഏറ്റെടുക്കാൻ തീരുമാനിച്ച സ്ഥലങ്ങൾ സർക്കാരിനു അവകാശപ്പെട്ടതാണെന്നു കോടതിയെ ബോധ്യപ്പെടുത്തുന്നതിൽ ഉത്തരവാദപ്പെട്ടവരുടെ ഭാഗത്ത് വീഴ്ചയുണ്ടായി.
. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നാല് മാസത്തിലധികമായി കളക്ടറേറ്റ് പടിക്കൽ നടത്തുന്ന സമരം നിർത്തിവച്ചതായും നേതാക്കൾ പറഞ്ഞു.