വയനാട് പുത്തുമലയിൽ മാലിന്യവുമായി എത്തിയ ലോറികൾ നാട്ടുകാർ തടഞ്ഞു
1492422
Saturday, January 4, 2025 6:24 AM IST
കൽപ്പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുൾ ദുരന്തത്തിൽ മരിച്ചതിൽ തിരിച്ചറിയാത്തവരുടേതടക്കം മൃതദേഹങ്ങളും ശരീര ഭാഗങ്ങളും സംസ്കരിച്ച പുത്തുമലയ്ക്കു സമീപം മാലിന്യവുമായി എത്തിയ രണ്ട് ലോറികൾ(ടിപ്പർ) നാട്ടുകാർ തടഞ്ഞു. വ്യാഴാഴ്ച രാത്രി 11 ഓടെയാണ് സംഭവം. ലോറികൾക്കൊപ്പം ഉണ്ടായിരുന്നവരെ പോലീസ് രക്ഷപ്പെടാൻ അനുവദിച്ചുവെന്ന് ആരോപിച്ച് മേപ്പാടി സ്റ്റേഷനു മുന്നിൽ സിപിഎം പ്രവർത്തകർ കുത്തിയിരിപ്പുസമരവും ഉപരോധവും നടത്തി.
ടാങ്കുകളിൽ നിറച്ച മാലിന്യം കയറ്റിയ ലോറികളാണ് പുത്തുമലയിൽ എത്തിയത്. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ സംഘടിച്ച് വാഹനങ്ങൾ തടഞ്ഞ് പോലീസിൽ വിവരം അറിയിച്ചു. ഡ്രൈവർമാരടക്കം നാലു പേരാണ് ലോറികളിൽ ഉണ്ടായിരുന്നത്. സ്ഥലത്തെത്തിയ പോലീസ് വാഹങ്ങൾ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് നീക്കി.
ഇതിനിടെ ലോറികളിൽ ഉണ്ടായിരുന്നതിൽ രണ്ടുപേർ സ്ഥലം വിട്ടു. ഇത് പോലീസ് സഹായത്തോടെയാണെന്ന് ആരോപിച്ച് ഏരിയ സെക്രട്ടറി വി. ഹാരിസ്, കെ.കെ. സഹദ്, സി. ഷംസു എന്നിവരുടെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ രാത്രി മേപ്പാടി പോലീസ് സ്റ്റേഷനുമുന്നിൽ കുത്തിയിരിപ്പുസമരം നടത്തി.
രാവിലെ പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിന് സ്റ്റേഷനു പുറത്തുപോകാൻ ഡ്രൈവർമാരെ പോലീസ് അനുവദിച്ചു. ഇതേത്തുടർന്നായിരുന്നു സിപിഎം പ്രവർത്തകർ സ്റ്റേഷൻ ഉപരോധം ആരംഭിച്ചത്. രാവിലെ 11 ഓടെ നടത്തിയ ചർച്ചയിൽ സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ നിർത്തുമെന്ന് ഡിവൈഎസ്പി ഉറപ്പുനൽകിയതിനെത്തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്.
ഏതുതരം മാലിന്യമാണ് ടാങ്കുകളിലെന്നു സ്ഥിരീകരിച്ചിട്ടില്ല. കടുത്ത ദുർഗന്ധമാണ് ടാങ്കുകളിൽനിന്നു വമിക്കുന്നത്. പുത്തുമലയിൽ സ്വകാര്യ ഭൂമിയിൽ തള്ളാൻ കൊണ്ടുവന്നതാണ് മാലിന്യമെന്നാണ് നാട്ടുകാരുടെ നിഗമനം.
ലോറികൾ എവിടെനിന്നാണ് വന്നതെന്നതിൽ വ്യക്തതയായില്ല. സ്റ്റേഷനു സമീപം നിർത്തിയിട്ടിരിക്കുന്ന ലോറികൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും.
പുത്തുമലയിൽ മാലിന്യം തള്ളാൻ നടന്ന ശ്രമത്തിൽ ദുരൂഹതയുണ്ടെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി നിയമത്തിനു മുന്നിൽ നിർത്തണമെന്നും സിപിഎം സംസ്ഥാന സമിതിയംഗം പി. ഗഗാറിൻ ആവശ്യപ്പെട്ടു. പുത്തുമലയിൽ ലോറികൾ തടഞ്ഞവരിൽ ചിലരുടെ മൊഴി ഇന്നലെ രാവിലെ മേപ്പാടി സ്റ്റേഷനിലെത്തിയ ഡിവൈഎസ്പി രേഖപ്പെടുത്തിയിട്ടുണ്ട്.