വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിക്ക് പിന്നാക്ക വികസന കോർപ്പറേഷൻ മൂന്ന് കോടി രൂപ വായ്പ അനുവദിച്ചു
1492423
Saturday, January 4, 2025 6:24 AM IST
മാനന്തവാടി: വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിക്ക് പിന്നാക്ക വികസന കോർപ്പറേഷൻ മൈക്രോ ക്രെഡിറ്റ് പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് കോടി രൂപ വയ്പ് അനുവദിച്ചു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന പട്ടികജാതി-വർഗ വികസന മന്ത്രി ഒ.ആർ. കേളുവിൽനിന്നു വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ, പ്രോഗ്രാം ഓഫീസർ പി.എ. ജോസ് എന്നിവർ ചെക്ക് ഏറ്റുവാങ്ങി.
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന 30 വനിത സ്വാശ്രയ സംഘങ്ങളിലെ 317 അംഗങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ വിതരണം നടത്തുന്നതിനാണ് വയ്പ് അനുവദിച്ചത്.
സാമൂഹികസാന്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഉയർന്ന നിലവാരത്തിലുള്ള പദ്ധതികൾ പിന്നാക്ക വികസന കോർപ്പറേഷൻ കോർപ്പറേഷൻ വഴി നടപ്പാക്കുമെന്നും മാനന്തവാടി കേന്ദ്രീകരിച്ച് പട്ടിക ജാതി പട്ടിക വർഗ വികസന കോർപ്പറേഷൻ, കളിമണ് നിർമാണ വിഭാഗ വികസന കോർപ്പറേഷൻ എന്നിവ ഉടൻ സ്ഥാപിക്കുമെന്നും മന്ത്രി ഓർമ്മിപ്പിച്ചു. പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ കെ. പ്രസാദ് അധ്യക്ഷത വഹിച്ചു. സംഘങ്ങൾക്ക് നൽകുന്ന വായ്പ വിതരണ ഉത്ഘാടനം മാനന്തവാടി മുനിസിപ്പൽ ചെയർപേഴ്സണ് രത്നവല്ലി സി.കെ. നിർവഹിച്ചു.
ഗ്രീൻ വിൽ വായ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി വിതരണം ചെയ്തു. സ്വയംതൊഴിൽ വായ്പ മുനിസിപ്പൽ വൈസ് ചെയർപേഴ്സണ് ജേക്കബ് സെബാസ്റ്റ്യൻ കൈമാറി. തുടർന്ന് വ്യവസായ രംഗത്തേയും സംരംഭകത്വ മുന്നേറ്റങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ വിഷയങ്ങളിൽ പരിശീലനങ്ങൾ നടത്തി.
ദിശ എച്ച് ആർ ഡയറക്ടർ എം.പി. സാജിത്, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ പി.എ. ജോസ്, കെഎസ്ബിസിഡിസി യൂണിറ്റ് മാനേജർ പി.എസ്. പ്രശോഭ് എന്നിവർ ക്ലാസെടുത്തു. മാനന്തവാടി നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിപിൻ വേണുഗോപാൽ,
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം പി. ചന്ദ്രൻ, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ, പിന്നാക്ക വികസന കോർപ്പറേഷൻ ജില്ലാ മാനേജർ ക്ലീറ്റസ് ഡീസൽവ, ഉപജില്ലാ മാനേജർ ബിന്ദു വർഗീസ് എന്നിവർ പ്രസംഗിച്ചു.