മാന്ദ്യം അകറ്റാൻ വയനാട് വ്യാപാരോത്സവവുമായി കെവിവിഇഎസ്
1492427
Saturday, January 4, 2025 6:24 AM IST
കൽപ്പറ്റ: മേപ്പാടി പുഞ്ചിരിമട്ടം ഉരുൾപൊട്ടലിനെത്തുടർന്ന് വ്യാപാര, ടൂറിസം മേഖലകളെ ഗ്രസിച്ച മാന്ദ്യം അകറ്റുന്നതിന് വയനാട് വ്യാപാരോത്സവവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ഘടകം. ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിൽ, ടൂറിസം മേഖലയിലെ സംഘടനകൾ, കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് വ്യാപാരോത്സവം സംഘാടനം.
ആറ് മാസം നീളുന്ന ഉത്സവത്തിന് ആറിന് തുടക്കമാകുമെന്ന് സമിതി ജില്ലാ പ്രസിഡന്റ് ജോജിൻ ടി. ജോയി, ജനറൽ സെക്രട്ടറി കെ. ഉസ്മാൻ, ട്രഷറർ നൗഷാദ് കരിന്പനയ്ക്കൽ, ഡിടിപിസി മാനേജർ പ്രവീൺ, ഫെസ്റ്റ് കോ ഓർഡിനേറ്റർ മുഹമ്മദ് റഫീഖ്, സമിതി ജില്ലാ ഭാരവാഹികളായ പി.വി. അജിത്ത്, നിസാർ ദിൽവേ, ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അസ്ലം ബാവ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വ്യാപാരോത്സവം വിളംബരം ചെയ്ത് അന്ന് വൈകുന്നേരം നാലിന് കൽപ്പറ്റയിൽ റാലി നടത്തും. ലളിത് മഹൽ ഓഡിറ്റോറിയം പരിസരത്ത് ആരംഭിക്കുന്ന റാലി മലബാർ ഗോൾഡിന് സമീപം വയനാട് ഫെസ്റ്റ് നഗരിയിൽ സമാപിക്കും. കലാരൂപങ്ങൾ, ബാൻഡ്മേളം, ശിങ്കാരിമേളം, നാസിക് ഡോൾ തുടങ്ങിയവ റാലിയിൽ ഉണ്ടാകും. ഉദ്ഘാടനസമ്മേളനത്തിനുശേഷം ഗാനസന്ധ്യ അരങ്ങേറും.
റീ ബിൽഡ് വയനാട് എന്ന ആശയം മുൻനിർത്തി ജില്ലയിലെ മുഴുവൻ പ്രദേശങ്ങളെയും സജീവമാക്കുക എന്ന ലക്ഷ്യത്തോടെ ഏഴ് മുതൽ ജില്ലയിൽ പാട്ടുവണ്ടി പര്യടനം നടത്തും. വിവിധ ദിവസങ്ങളിൽ സമിതി യൂണിറ്റ് ആസ്ഥാനങ്ങൾക്കു പുറമേ ടൂറിസം കേന്ദ്രങ്ങളിലും പാട്ടുവണ്ടി പര്യടനം ഉണ്ടാകും. പ്രശസ്ത ഗായകരാണ് പാട്ടുവണ്ടിയിൽ ഗാനങ്ങൾ ആലപിക്കുക.
ജില്ലയിൽ ഏകോപന സമിതി അംഗത്വമുള്ള ഏതു വ്യാപാര സ്ഥാപനങ്ങളിൽനിന്നും ആറ് മുതൽ വാങ്ങുന്ന സാധനങ്ങളുടെ തോത് അനുസരിച്ച് ഉപഭോക്താക്കൾക്ക് സമ്മാനക്കൂപ്പണ്‍ നൽകും.
കൂപ്പണുകൾ ആഴ്ചതോറും നറുക്കെടുത്ത് 1,000 രൂപയുടെ 50 പർച്ചേസ് വൗച്ചർ നൽകും. മാസം തോറും ബംപർ നറുക്കെടുപ്പ് സ്റ്റേജ് പരിപാടികളോടെ നടത്തും. കാറുകൾ, ഇരുചക്ര വാഹനങ്ങൾ, ഹോം അപ്ലയൻസസ് ഉൾപ്പെടെ 2.5 കോടി രൂപയുടെ സമ്മാനങ്ങളാണ് ഉത്സവ കാലയളവിൽ ഉപഭോക്താക്കൾക്ക് നൽകുക. തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ 15 ദിവസം നീളുന്ന എക്സ്പോ സംഘടിപ്പിക്കുമെന്നും സമിതി ഭാരവാഹികൾ പറഞ്ഞു.