ഐഷ സിയാദയ്ക്ക് ഉജ്വലബാല്യം പുരസ്കാരം
1492601
Sunday, January 5, 2025 5:45 AM IST
കൽപ്പറ്റ: വ്യത്യസ്ത മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് വനിതാ-ശിശുവികസന വകുപ്പ് സംസ്ഥാന തലത്തിൽ ഏർപ്പെടുത്തിയ ഉജ്വല ബാല്യം പുരസ്കാരത്തിന് വടുവൻചാൽ ജിഎച്ച്എസ്എസ് അഞ്ചാം ക്ലാസ് വിദ്യാർഥിനി കെ.എസ്. ഐഷ സിയാദ അർഹയായി. കുപ്പാടി സ്കൂൾ അധ്യാപകൻ ആണ്ടൂർ കിഴക്കേതിൽ സുബൈറിന്റെയും ഷിറിലയുടെയും മകളാണ്.
കവയിത്രിയാണ് ഐഷ. ഐഷക്കുട്ടിയുടെ കവിതകൾ എന്ന പേരിൽ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. കാവ്യസാഹിതി ബാലസാഹിതീയം സംസ്ഥാനതല കവിതയെഴുത്തു മത്സരത്തിൽ രണ്ടാം സ്ഥാനം, ഡോ.എ.പി.ജെ അബ്ദുൾ കലാം ബാലപ്രതിഭാ പുരസ്കാരം,
റൈറ്റേഴ്സ് ഹട്ട് സ്പെഷൽ ജൂറി അവാർഡ് എന്നിവ ഐഷയ്ക്കു ലഭിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ചെറുകവിതാ സമാഹാരമായ പെൻ ഡ്രൈവിൽ ഐഷയുടെ കവിത പ്രസിദ്ധീകരിച്ചിട്ടുണ്ട്.