ബസിൽ എംഡിഎംഎ, കഞ്ചാവ് കടത്ത്: രണ്ടു പേർ പിടിയിൽ
1492998
Monday, January 6, 2025 5:52 AM IST
കൽപ്പറ്റ: കർണാടകയിൽനിന്നുള്ള സ്വകാര്യ ആഡംബര ബസിന്റെ പാഴ്സൽ ബോക്സിൽ കടത്തുകയായിരുന്ന രണ്ട് കിലോഗ്രാം കഞ്ചാവും 200 ഗ്രാം എംഡിഎംഎയും നാലിന് പുലർച്ചെ തോൽപ്പെട്ടി എക്സൈസ് ചെക് പോസ്റ്റിൽ പിടിച്ചെടുത്ത കേസിൽ രണ്ടു പേർ അറസ്റ്റിൽ.
മലപ്പുറം തിരൂർ തട്ടാംപറന്പ് വെട്ടിക്കാടൻ സാലിഹ്(35), തിരൂർ കരേക്കോട് കാടാന്പുഴ മാൽദാരി അബ്ദൂൾഖാദർ(38)എന്നിവരെയാണ് മാനന്തവാടി, തിരൂർ എക്സൈസ് ടീമുകൾ ഇന്നലെ പുലർച്ചെ രണ്ടോടെ അറസ്റ്റുചെയ്തത്.
തിരൂരിൽനിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ബസിന്റെ പാഴ്സൽ ബോക്സിൽ ഹാർഡ് ബോർഡ് പെട്ടിയിലാണ് കഞ്ചാവും എംഡിഎംഎയും ഉണ്ടായിരുന്നത്. പെട്ടിയിൽ ജിപിഎസ് സംവിധാനവും വച്ചിരുന്നു. സാലിഹ് ബംഗളൂരുവിൽനിന്ന് അബ്ദുൽ ഖാദറിന്റെ പേരിൽ ലഹരി വസ്തുക്കൾ പാഴ്സൽ മാർഗം ആഡംബര ബസിൽ തിരൂരിലേക്ക് അയയ്ക്കുകയായിരുന്നു. പിന്നീട് സാലിഹ് മറ്റൊരു ബസിൽ തിരൂരിൽ എത്തി അബ്ദുൾഖാദറിനോട് പാഴ്സൽ കൈപ്പറ്റി രാത്രി വൈകി തന്റെ വീട്ടിൽ എത്തിക്കാൻ നിർദേശിച്ചു.
പ്രതികളുടെ നീക്കങ്ങൾ മനസിലാക്കി ഇൻസ്പെക്ടർ കെ. ശശിയുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം രാത്രി തിരൂരിൽ എത്തി. തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. അജയ്യന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സഹകരണത്തോടെ വീടുകൾ വളഞ്ഞാണ് പ്രതികളെ പിടികൂടിയത്.ഇവർ ലഹരിവസ്തു കൈമാറ്റത്തിനു ഉപയോഗിച്ചിരുന്ന ഫോണുകൾ കണ്ടെത്തി. തിരൂർ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ചില്ലറ വിൽപനയ്ക്ക് കടത്തുകയായിരുന്നു ലഹരി വസ്തുക്കൾ.
പ്രിവന്റിവ് ഓഫീസർമാരായ പി.കെ. ചന്തു, കെ. ജോണി, പി.ആർ. ജിനോഷ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പി. ഷിംജിത്ത് എന്നിവരും അടങ്ങുന്നതാണ് പ്രതികളെ കസ്റ്റഡിയിലെടുത്ത മാനന്തവാടി എക്സൈസ് ടീം. തിരുർ ടീമിൽ ഇൻസ്പെക്ടർക്കു പുറമേ പ്രിവന്റീവ് ഓഫീസർ രവീന്ദ്രനാഥ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി.ബി. വിനീഷ്, എ. ജയകൃഷ്ണൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ പി.കെ. ഇന്ദുദാസ്,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ കെ.കെ. ചന്ദ്രമോഹൻ എന്നിവർ ഉണ്ടായിരുന്നു.
രാവിലെ മാനന്തവാടിയിൽ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് ശേഷം മാനന്തവാടി ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.