കുടിവെള്ള ടാങ്കിൽ പോത്ത് കുടുങ്ങി; നാട്ടുകാർക്കു കിട്ടിയത് ചാണകവെള്ളം
1493003
Monday, January 6, 2025 5:54 AM IST
ചുണ്ടേൽ: കുടിവെള്ള ടാങ്കിൽ പോത്ത് കുടുങ്ങിയതിനെ തുടർന്നു പ്രദേശവാസികൾക്കു മൂന്ന് ദിവസം പൈപ്പിലൂടെ ലഭിച്ചത് ചാണകം കലർന്ന വെള്ളം.
ഓടത്തോട് പ്രദേശത്തെ ഒട്ടേറെ കുടുംബങ്ങൾക്കാണ് ഈ ഗതികേടുണ്ടായത്. പോത്തിനെ ടാങ്കിൽ നിന്ന് രക്ഷിച്ചെങ്കിലും ടാങ്ക് ഇപ്പോഴും മലിനമായി കിടക്കുകയാണ്. മൂന്ന് ദിവസത്തിലേറെയായി പ്രദേശവാസിയുടെ പോത്തിനെ കാണാനില്ലായിരുന്നു. പ്രദേശവാസികളടക്കം പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചില്ല.
ഇതിനിടെ ഓടത്തോട് കുന്നിൻ മുകളിലെ ടാങ്കിൽ നിന്നെത്തുന്ന വെള്ളം ഉപയോഗിക്കുന്നവരാണ് പൈപ്പിൽ ചാണകം കലർന്ന വെള്ളമാണ് ലഭിക്കുന്നതെന്ന് അറിയിച്ചത്. ചാണകത്തിന്റെ മണവും വെള്ളത്തിനുണ്ടായിരുന്നെന്നു നാട്ടുകാർ പറഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പോത്തിനെ ടാങ്കിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്.
മൂന്ന് ദിവസത്തോളം ടാങ്കിലെ വെള്ളത്തിൽ പോത്ത് അകപ്പെട്ടതോടെ ടാങ്കിൽ ചാണകവും മറ്റും നിറഞ്ഞ അവസ്ഥയാണ്. ടാങ്കിന് ചുറ്റും സുരക്ഷാ സംവിധാനങ്ങളില്ലാത്തതിനാലാണ് തീറ്റ തേടിയെത്തിയ പോത്ത് ടാങ്കിൽ വീണത്.
വെള്ളം മലിനമാകാതിരിക്കാൻ ടാങ്കിനു മുകളിൽ വലകളടക്കമുള്ള ഒരു സൗകര്യങ്ങളും ഇവിടെയില്ല. ഈ വെള്ളമാണ് കാലങ്ങളായി ഒട്ടേറെ കുടുംബങ്ങൾ ഉപയോഗിക്കുന്നത്. ഏറെ പഴക്കമുള്ള ടാങ്കിന് പകരം മറ്റൊരിടത്ത് ടാങ്ക് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതിൽ നിന്ന് ഇതുവരെയും വെള്ളം വിതരണം ആരംഭിച്ചിട്ടില്ല.
ഇതോടെ മറ്റുവഴികളില്ലാതെ പഴയടാങ്കിലെ വെള്ളമാണ് കുടുംബങ്ങൾ ഉപയോഗിക്കുന്നത്. ടാങ്ക് വൃത്തിയാക്കാൻ എസ്റ്റേറ്റ് അധികൃതർ തയാറാകാത്തതിനാൽ ജനങ്ങൾ ദുരിതത്തിലാണ്. ഓടത്തോട് ജീവൻരക്ഷാ സമിതിയുടെ നേതൃത്വത്തിലാണ് ടാങ്കിൽ നിന്ന് പോത്തിനെ രക്ഷിച്ചത്.
സെക്രട്ടറി മമ്മി നടക്കാവിൽ, സി.എച്ച്. കാസിം, ഷെരീഫ്, നാസർ തുടങ്ങിയവർ നേതൃത്വം നൽകി.