ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യ : സാന്പത്തിക ഇടപാടുകളിൽ വിജിലൻസ് അന്വേഷണം ആരംഭിക്കുന്നു
1492585
Sunday, January 5, 2025 4:57 AM IST
കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയൻ, മകൻ ജിജേഷ് എന്നിവർ വിഷം അകത്തുചെന്നു മരിച്ചതിനെത്തുടർന്ന് ഉയർന്ന സാന്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം ആരംഭിക്കുന്നു. അന്വേഷണത്തിന് ഇന്ന് തുടക്കമിടുമെന്ന് വിജിലൻസ് ഡിവൈഎസ്പി ഷാജി വർഗീസ് പറഞ്ഞു.
ബത്തേരിയിൽ കോണ്ഗ്രസ് നിയന്ത്രണത്തിലുള്ള ചില സഹകരണ ബാങ്കുകളിൽ വർഷങ്ങൾ മുന്പ് നടന്ന വഴിവിട്ട നിയമനങ്ങളും ജോലി വാഗ്ദാനം ചെയ്ത് പലരിൽനിന്നു വൻ തുക കോഴ വാങ്ങിയതും സംബന്ധിച്ച ആരോപണങ്ങൾ വിജയന്റെയും മകന്റെയും മരണത്തിനു പിന്നാലെ വാർത്തയായിരുന്നു.
ഇടനിലക്കാരനായി നിന്ന് ബത്തേരിയിലെ ചില സഹകരണ ബാങ്കുകളിൽ നിയമനം വാഗ്ദാനം ചെയ്ത് പലരിൽനിന്നു വാങ്ങിയ ലക്ഷക്കണക്കിനു രൂപ തിരിച്ചുകൊടുക്കാൻ കഴിയാത്ത സാഹചര്യമാണ് വിജയനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന ആരോപണവും ഉയർന്നു. ഈ പശ്ചാത്തലത്തിലാണ് വിജിലൻസ് അന്വേഷണത്തിന് കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവായത്.
വിജയന്റെയും മകന്റെയും മരണത്തിൽ പോലീസ് അന്വേഷണം നടന്നുവരികയാണ്. ഇതിനിടെയാണ് വിജിലൻസ് അന്വേഷണത്തിനു ഉത്തരവിറങ്ങിയത്. വിജയന് രണ്ട് ബാങ്കുകളിലായി ഒരു കോടിയിലേറെ രൂപ ബാധ്യതയുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇതിന്റെ വിശദാംശങ്ങൾ പരിശോധിച്ചുവരികയാണ്. വിജയന്റെ പേരിൽ അക്കൗണ്ട് ഉണ്ടോ എന്ന് മനസിലാക്കുന്നതിന് ബത്തേരിയിലെ വിവിധ ബാങ്ക് ശാഖകളുമായി പോലീസ് ബന്ധപ്പെട്ടുവരികയാണ്.