ചീരാൽ സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കപള്ളി തിരുനാളാഘോഷം
1492999
Monday, January 6, 2025 5:52 AM IST
സുൽത്താൻ ബത്തേരി: ചീരാൽ സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിൽ ഇടവക തിരുനാളിന് തുടക്കമായി. വികാരി ഫാ. തോമസ് ക്രിസ്തുമന്ദിരം കൊടി ഉയർത്തി തിരുനാൾ കുർബാന അർപ്പിച്ചു. ഇടവക വൈദികൻ ഫാ. സാമുവൽ പുതുപ്പാടി സഹകാർമികത്വം വഹിക്കുകയും തിരുനാൾ സന്ദേശം നൽകുകയും ചെയ്തു. പൗരോഹിത്യ ശുശ്രൂഷയിൽ 20 വർഷം പൂർത്തിയാക്കുകയും രാഷ്ട്രമീമാംസയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കുകയും ചെയ്ത വൈദികനെ അനുമോദിച്ചു.
ഇന്ന് വൈകുന്നേരം അഞ്ചിന് പൗരോഹിത്യ രജത ജൂബിലി ആഘോഷിക്കുന്ന ഇടവകയുടെ മുൻ വികാരി ഫാ. മാർട്ടിൻ വിലങ്ങുപാറയിൽ വിശുദ്ധബലി അർപ്പിക്കും. തുടർന്ന് ചീരാൽ ടൗണ്‍ കുരിശടിയിലേക്ക് ആഘോഷമായ തിരുനാൾ പ്രദക്ഷിണം.
പ്രധാന തിരുനാൾ ദിനമായ നാളെ രാവിലെ എട്ടിന് ബത്തേരി ബിഷപ് ഡോ. ജോസഫ് മാർ തോമസിനും നവവൈദികർക്കും സ്വീകരണം നൽകും. തുടർന്ന് നവ വൈദികൻ ഫാ. ജോണ്‍ കവിയിലിന്റെ മുഖ്യ കാർമികത്വത്തിൽ പ്രഥമദിവ്യബലി അർപ്പണവും 10 കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും നടക്കും.
ബിഷപ് ഡോ. ജോസഫ് മാർ തോമസ് വചന സന്ദേശം നൽകും. തുടർന്ന് നടക്കുന്ന അനുമോദന സമ്മേളനത്തിൽ. ബത്തേരി രൂപത വികാരി ജനറാൾ മോണ്‍.ഡോ. ജേക്കബ് ഓലിക്കൽ അധ്യക്ഷത വഹിക്കും.
സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖർ പ്രസംഗിക്കും. സ്നേഹ വിരുന്നോടെ ഇടവക തിരുനാൾ ആഘോഷങ്ങൾക്ക് സമാപനമാകും. ഇടവക ട്രസ്റ്റി ജോണി കൊടകല്ലിങ്ങൽ, സെക്രട്ടറി സ്കറിയ പുന്നച്ചാലിൽ,
കമ്മിറ്റി അംഗങ്ങളായ വി.പി. തോമസ്, പൈലി കൊച്ചുപുരയ്ക്കൽ, രാജു വൻമേലിൽ, പോൾ പുലിക്കോട്ടിൽ, റബേക്ക മഠത്തുംപടി, ഷിജു പാറപ്പുറത്ത്, എബിൻ കുത്തുകുളങ്ങര, ബേസിൽ പുതുപ്പാടി എന്നിവർ നേതൃത്വം നൽകി.