ബാബുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ
1492981
Monday, January 6, 2025 5:15 AM IST
പുൽപ്പള്ളി: കാപ്പിസെറ്റിനടുത്ത് ആച്ചനഹള്ളി പണിയ കോളനിയിലെ ബാബുവിന്റെ(48) കൊലപാതകമായി ബന്ധപ്പെട്ട കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. തൂപ്ര കോളനിയിലെ സുമേഷ് (33) നെയാണ് പുൽപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിനുശേഷം ഇയാൾ ഒളിവിലായിരുന്നു. ഇന്നലെ പുൽപ്പള്ളിയിൽ വച്ചാണ് ഇയാളെ പിടികൂടിയത്.
ജനുവരി ഒന്നിന് രാത്രി മരിച്ച ആച്ചനഹള്ളി കോളനിവാസിയായ ബാബു തന്റെ സുഹൃത്തായ തൂപ്ര കോളനിയിലെ സ്ത്രീയുടെ വീട്ടിലെത്തിയിരുന്നു. ഇരുവരും ചേർന്ന് മദ്യപിക്കുന്നതിനിടയിൽ സ്ത്രീയുടെ മകൻ സ്ഥലത്ത് എത്തി.
തന്റെ അമ്മയോടൊപ്പം മദ്യപിക്കുന്ന ബാബുവുമായി ഇയാൾ വഴക്കുണ്ടാക്കി. നേരം പുലർന്ന് കോളനി പരിസരത്ത് നാട്ടുകാർ കണ്ടെത്തുന്പോൾ ബാബു അവശനിലയിലായിരുന്നു. പ്രദേശവാസികൾ ബാബുവിനെ ആശുപത്രിയിൽ എത്തിക്കുന്പോഴേക്കും ഇയാൾ മരണപ്പെട്ടിരുന്നു.
പോസ്റ്റുമോർട്ടത്തിലാണ് ബാബുവിന് അതിക്രൂരമായ മർദ്ദനമേറ്റിരുന്നുവെന്നും മരണകാരണം മർദനമാണെന്നും ഇതുമൂലം ആന്തരാവയവങ്ങളിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നും കണ്ടെത്തിയത്.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തൂപ്ര കോളനിയിലെ സുമേഷിന്റെ ഇടപെടൽ കണ്ടെത്തിയത്. അച്ഛനഹള്ളി കോളനിയിലെ പരേതരായ കൊക്കിരി - ജാനകി ദന്പതികളുടെ മകനാണ് ബാബു. സിഐ സന്തോഷിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.