എൽഎഫ് ജംഗ്ഷനിലെ പ്രവൃത്തി തടഞ്ഞു
1492602
Sunday, January 5, 2025 5:45 AM IST
മാനന്തവാടി: മലയോര ഹൈവേയിലെ എൽഎഫ് ജംഗ്ഷനിൽ ഇന്റർലോക്ക് പാകുന്നത് സിപിഐ, ബിജെപി പ്രവർത്തകർ തടഞ്ഞു. റോഡിന് ഇരു ഭാഗത്തും നടപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇടപെടൽ.
എഫ് സ്കൂളിലെ വിദ്യാർഥികൾ ഉൾപ്പെടെ ആളുകൾക്ക് നടന്നുപോകാനുള്ള നടപ്പാത നിർമിക്കാതെയുള്ള പ്രവൃത്തി അനുവദിക്കാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു രണ്ട് പാർട്ടികളുടെയും പ്രവർത്തകർ. എസ്എച്ച്ഒ സുനിൽ ഗോപിയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി.
നഗരസഭാ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ പി.വി.എസ്. മൂസ എന്നിവർ പാർട്ടി പ്രതിനിധികളുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് പ്രവൃത്തി തുടരാനായത്. ഫുട്പാത്തിന് സ്ഥലം ലഭ്യമാക്കുന്നതിൽ തിങ്കളാഴ്ചയോടെ പരിഹാരം ഉണ്ടാക്കുമെന്നു നഗരസഭാ ഭാരവാഹികൾ ഉറപ്പുനൽകി.
സിപിഐ നേതാക്കളായ ശോഭ രാജൻ, വി.കെ. ശശിധരൻ, നിഖിൽ പദ്മനാഭൻ, കെ. സജീവൻ, ബിജെപി നേതാക്കളായ കണ്ണൻ കണിയാരം, കെ. ജയേന്ദ്രൻ, സി. അഖിൽ പ്രേം, ഇ. കെ. മാധവൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവൃത്തി തടഞ്ഞത്.