പൂപ്പൊലി: പാർക്കിംഗ് സൗകര്യം ഒരുക്കാത്തതിൽ പ്രതിഷേധവുമായി വ്യാപാരികൾ
1492168
Friday, January 3, 2025 5:51 AM IST
അന്പലവയൽ: മേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിൽ ആരംഭിച്ച പുഷ്പോത്സവം(പൂപ്പൊലി)കാണാനെത്തുന്നവർക്ക് വാഹന പാർക്കിംഗിന് സൗകര്യം ഏർപ്പെടുത്താത്തതിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റി പ്രതിഷേധിച്ചു. പൊതുനിരത്തിലെ വാഹന പാർക്കിംഗ് വ്യാപാരികൾക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നതായി യോഗം ചൂണ്ടിക്കാട്ടി.
285 എക്കറിൽ വ്യാപിച്ചു കിടക്കുന്ന ഗവേഷണ കേന്ദ്രത്തിലെ 12 എക്കർ മാത്രമാണ് പൂപ്പൊലിക്ക് ഉപയോഗപ്പെടുത്തുന്നത്. ബാക്കിയുള്ളതിൽ പത്ത് ഏക്കർ പാർക്കിംഗിനു മാറ്റിവയ്ക്കുന്നത് സന്ദർശകർക്ക് സഹായമാകും. പാർക്കിംഗ് ഫീസ് ഇനത്തിൽ വരുമാനം നേടാനാകും. ഇതിന് കാർഷിക സർവകലാശാല അധികാരികൾ തയാറാകാത്തത് ദൗർഭാഗ്യകരമാണ്.
പൂപ്പൊലി നടത്തിപ്പിൽ മുൻ വർഷങ്ങളിൽനിന്നു വ്യത്യസ്തമായി പ്രാദേശിക സമൂഹത്തെയും വ്യാപാരികളെയും അവഗണിച്ചു. നിലപാട് തിരുത്താൻ അധികാരികൾ തയാറാകണം. ചെറുകിട വ്യാപാരികളെ തകർക്കുന്ന വിധത്തിൽ വൻകിട സ്വകാര്യ സ്ഥാപനങ്ങൾക്ക് പൂപ്പൊലി അടിയറ വയ്ക്കുന്ന നടപടികൾ അവസാനിപ്പിക്കണം. സങ്കുചിത താത്പര്യങ്ങളും സ്വജനപക്ഷപാതവും പുഷ്പോത്സവത്തന്റെ ശോഭയ്ക്കും പ്രൗഢിക്കും മങ്ങലേൽപ്പിക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു.
വ്യാപാരി സമൂഹത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് പുഷ്്പോത്സവം ബഹിഷ്കരിക്കാനും പാർക്കിംഗ് വിഷയത്തിൽ കോടതിയെ സമീപിക്കാനും തീരുമാനിച്ചു. പ്രസിഡന്റ് ഒ.വി. വർഗീസ് അധ്യക്ഷത വഹിച്ചു.
അബ്ദുൾ ഹക്കീം, ഇ. റഷീദ്, സന്തോഷ് കുമാർ, അബ്ദുൾ ഗഫൂർ, വി. ഹരികുമാർ, ശ്രീജ ശിവദാസ്, ബാബുരാജ്, ബിനോ, വിപിൻ, വിനിത്, സെയ്ഫുദ്ദീൻ, സുബ്രഹ്മണ്യൻ, ദേവാനന്ദ്, അബ്ദുറഹ്മാൻ, സെലിന, എൻ. ഉമ്മർ എന്നിവർ പ്രസംഗിച്ചു.