പുഞ്ചിരിമട്ടം പുനരധിവാസം: സ്വാഗതാർഹമെന്ന് കെ. റഫീഖ്
1492159
Friday, January 3, 2025 5:46 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസത്തിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ടൗണ്‍ഷിപ്പ് പദ്ധതി സ്വാഗതാർഹമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ് പറഞ്ഞു.
മാതൃകാപരമായ പുനരധിവാസ പദ്ധതിയുടെ രൂപരേഖയാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്. ദുരന്തബാധിതരെ ചേർത്തുപിടിച്ചുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിയത്. ദുരിതാശ്വാസ ക്യാന്പുകളിലെത്തിയ മുഴുവൻ കുടുംബങ്ങളെയും 28 ദിവസംകൊണ്ട് താത്കാലികമായി പുനരധിവസിപ്പിച്ചു.
ദുരന്തബാധിതർക്ക് ഇതുവരെ 20 കോടിയോളം രൂപ സഹായം നൽകി. ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈ,വെള്ളാർമല സ്കൂളുകൾ മേപ്പാടിയിൽ പുനരാരംഭിച്ചു. പ്രത്യേക അദാലത്ത് നടത്തി നഷ്ടപ്പെട്ട രേഖകൾ നൽകി. വാടക വീടുകളിൽ താമസിപ്പിച്ചവർക്ക് മാസം ആറായിരം രൂപ വാടക നൽകുന്നു. ജീവനോപാധി നഷ്ടപ്പെട്ടവർക്ക് മൂന്നുമാസമായി ദിവസം 300 രൂപ വീതം നൽകുകയാണ്.
ദുരന്തബാധിതരെ കേന്ദ്രം അവഗണിച്ചപ്പോഴും സംസ്ഥാന സർക്കാർ ചേർത്തുപിടിച്ചു. ഉരുൾപൊട്ടൽ അതിതീവ്രദുരന്തമായി കേന്ദ്രം പ്രഖ്യാപിച്ചെങ്കിലും പ്രത്യേക ധനസഹായം നൽകിയില്ല. ഇതിനിടയിലും സംസ്ഥാനം സ്വന്തം നിലയിൽ ടൗണ്‍ഷിപ്പ് ഉൾപ്പെടെയുള്ള പദ്ധതികളുമായി മുന്നോട്ടുപോകുകയാണ്. ഇതിന് സിപിഎം പൂർണ പിന്തുണ നൽകുമെന്നും റഫീഖ് പറഞ്ഞു.