കൊളവള്ളിയെ ടൂറിസ്റ്റ് കേന്ദ്രമായി ഉയർത്താൻ നടപടി വേണമെന്നാവശ്യം
1492158
Friday, January 3, 2025 5:46 AM IST
പുൽപ്പള്ളി: കബനി നദിയും വനവും പാടങ്ങളും നേരിട്ട് ആസ്വാദിക്കാൻ കഴിയുന്ന സ്ഥലമായ കൊളവള്ളിയെ ടൂറിസ്റ്റ് കേന്ദ്രമായി ഉയർത്താൻ നടപടി വേണമെന്ന് ആവശ്യം ശക്തമാകുന്നു.
മുള്ളൻകൊല്ലി പഞ്ചായത്തിലെ കൊളവള്ളി ഒരു ടുറിസ്റ്റ് കേന്ദ്രം അല്ലെങ്കിൽപ്പോലും നിരവധി സഞ്ചാരികളാണ് നിത്യേന ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത്. കേരള, കർണാടക അതിർത്തിയോട് ചേർന്ന് കബനി നദിയും കന്നാരംപുഴയും സംഗമിക്കുന്ന കൊളവള്ളി പാടത്ത് 35 ഏക്കർ വരുന്ന ഭൂമി ടുറിസ്റ്റ് പദ്ധതിക്കായി ഉൾപ്പെടുത്തണമെന്നാണ് ആവശ്യം ഉയരുന്നത്.
വർഷങ്ങളായി തരിശായി കിടക്കുന്ന ഈ സ്ഥലത്തിന്റെ വിവിധ ഭാഗങ്ങൾ കാട്മൂടി കിടക്കുകയാണ്. ടൂറിസം പദ്ധതി നടപ്പിലാക്കിയാൽ പ്രദേശവാസികളായ ഗോത്ര സമൂഹത്തിന് ഇതുവഴി ജീവിത പുരോഗതി കൈവരിക്കാൻ കഴിയും.
കബനി നദിയിൽ ജലസവാരി, വയോജനങ്ങൾക്കും കുട്ടികൾക്കും പാർക്കുകൾ, കളിസ്ഥലങ്ങൾ, ഗ്രാമീണ ഭക്ഷണ ശാലകൾ, മീൻപിടിത്തം ഉൾപ്പെടെയുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ ജില്ല ടൂറിസം പ്രോമോഷൻ കൗണ്‍സിൽ പദ്ധതികൾ തയാറാകണമെന്ന് കബനി നദിയും കർണാടകയിലെ കടുവ സങ്കേതവും അതിർത്തി പങ്കിടുന്ന കബനി പുഴയോരത്ത് ആനയും മാനും മയിലും ഉൾപ്പെടെയുള്ള നിരവധി വന്യമൃഗങ്ങൾ കൂട്ടമായി കബനി പുഴയോരത്ത് എത്തുന്നത് പതിവ് കാഴ്ച്ചയാണ്.
ഈ മേഖലയെ ഗ്രാമീണ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്താൻ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ സർക്കാരിൽ ശ്രമം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.