ചേകാടി റോഡ് റീ ടാർ ചെയ്യാൻ നടപടി വേണമെന്ന്
1491890
Thursday, January 2, 2025 6:23 AM IST
പുൽപ്പള്ളി: പാളക്കൊല്ലി ചേകാടി വനപാതയെ അധികൃതർ അവഗണിക്കുന്നതായി പരാതി. കബനി നദിക്ക് കുറുകേ ചേകാടിയിൽ പാലം യാഥാർഥ്യമായതോടെ ഈ വഴി കർണാടകയിലേക്കടക്കം പോകാൻ ആളുകൾ ഏറെ ഉപയോഗിക്കുന്ന റോഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് നാളുകൾ കഴിഞ്ഞിട്ടും നന്നാക്കാൻ അധികൃതർ തയാറായിട്ടില്ല.
നിരവധി വാഹനങ്ങൾ ദിവസേന കടന്നു പോകുന്ന റോഡാണിത്. റോഡ് ടാർ ചെയ്തിട്ട് വർഷങ്ങൾ കഴിഞ്ഞു. ഉദയക്കര മുതൽ ചേകാടി വരെ അഞ്ച് കിലോമീറ്ററോളം ദൂരം റോഡ് പൂർണമായും വനത്തിനുള്ളിലൂടെയാണ് കടന്നു പോകുന്നത്.
കെഎസ്ആർടിസി, സ്വകാര്യ ബസുകൾ ഉൾപ്പടെ ഇതുവഴി പോകുന്നുണ്ട്. റോഡിൽ വൻകുഴികൾ കാരണം യാത്ര ദുഷ്കരമാണ്. ചേകാടി പാലം വന്നതോടെ കർണാടകയിലേക്ക് പുൽപ്പള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തിലുള്ളവർക്ക് എളുപ്പം സഞ്ചരിക്കാൻ കഴിയും. വനപാതയിലൂടെ കടന്നുപോകുന്ന റോഡ് വീതി കുട്ടി ടാറിംഗ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.