ക്രിട്ടിക്കൽ കെയർ ബ്ലോക്ക് യാഥാർഥ്യത്തിലേക്ക്
1491884
Thursday, January 2, 2025 6:23 AM IST
കൽപ്പറ്റ: കൈനാട്ടി ജനറൽ ആശുപത്രിക്കു കീഴിൽ പിഎം അഭിം സ്കീമിൽ അനുവദിച്ച ക്രിട്ടിക്കൽ കെയർ ബ്ലോക്ക് യാഥാർഥ്യത്തിലേക്ക്. പ്രാഥമിക ആരോഗ്യ കേന്ദ്രം പ്രവർത്തിച്ചിരുന്ന സ്ഥലത്ത് ക്രിട്ടിക്കൽ കെയർ ബ്ലോക്ക് ആരംഭിക്കാൻ എൻഎച്ച്എം ചീഫ് എൻജിനിയറുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
ടി. സിദ്ദിഖ് എംഎൽഎ, മുനിസിപ്പൽ ചെയർമാൻ ടി.ജെ. ഐസക്, വൈസ് ചെയർപേഴ്സണ്‍ സരോജിനി ഓട്ടന്പത്ത്, മുൻ ചെയർമാൻ മുജീബ് കെയംതൊടി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.പി. മുസ്തഫ, കൗണ്‍സിലർ ആയിഷ പള്ളിയാൽ എന്നിവർ അറിയിച്ചതാണ് വിവരം. ആരോഗ്യവകുപ്പിനു കീഴിലാണ് പ്രാഥമികാരോഗ്യകേന്ദ്രം പ്രവർത്തിച്ചിരുന്ന സ്ഥലം.
നിലവിൽ ഇവിടെയുള്ള സംവിധാനങ്ങൾ മാറ്റി സ്ഥാപിക്കും. കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിന് പൊതുമരാമത്ത് വകുപ്പ് അധികാരിക്ക് കത്ത് അയയ്ക്കും. 2022-23ലാണ് ക്രിട്ടിക്കൽ കെയർ ബ്ലോക്കിനു 23.75 കോടി രൂപ അനുവദിച്ചത്. ജനറൽ ആശുപത്രിയോടുചേർന്ന് ആരംഭിക്കണമെന്നും 2025 മാർച്ചിന് മുന്‍പ് 50 ശതമാനം തുക ചെലവഴിക്കണമെന്നും നിബന്ധന ഉണ്ടായിരുന്നു.
ഓപ്പറേഷൻ തിയറ്റർ, 50 കിടക്കകളോടുകൂടിയ മെഡിക്കൽ കാഷ്വാലിറ്റി, സിടി സ്കാനർ, വെന്റിലേറ്റർ എന്നിവ ക്രിട്ടിക്കൽ കെയർ ബ്ലോക്കിൽ ഉണ്ടാകും.