കാട്ടാന ആക്രമണത്തിൽ പ്രതിഷേധവുമായി നാട്ടുകാർ
1491529
Wednesday, January 1, 2025 4:31 AM IST
ഗൂഡല്ലൂർ: കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ നെല്ലാക്കോട്ട പഞ്ചായത്തിലെ കുന്ദലാടിയിൽ റോഡ് ഉപരോധിക്കാൻ ശ്രമിച്ചു. കുന്ദലാടിയിൽ കടകൾ അടച്ചാണ് സമരം ചെയ്യാൻ ശ്രമിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം. വിവരമറിഞ്ഞ് ഗൂഡല്ലൂർ എംഎൽഎ അഡ്വ. പൊൻ ജയശീലൻ, മുൻ എംഎൽഎയും ഡിഎംകെ നേതാവുമായ അഡ്വ.എം. ദ്രാവിഡമണി, ദേവാല ഡിവൈഎസ്പി ശരവണൻ, ബിദർക്കാട് റേഞ്ചർ രവി, വനംവകുപ്പ് ജീവനക്കാരായ വാസുദേവൻ, സുധീർ, വില്ലേജ് ഓഫീസർ ഷണ്മുഖൻ, കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം എൻ.എ. അഷ്റഫ്, എഐഎഡിഎംകെ പന്തല്ലൂർ താലൂക്ക് സെക്രട്ടറി എം.വി. ജോണ്സണ്, കെ.യു. അഷ്റഫ്, ഡിഎംകെ താലൂക്ക് സെക്രട്ടറി സുജേഷ്, വാർഡ് കൗണ്‍സിലർ ജോസ്കുട്ടി, കെ.യു. ഷൗക്കത്ത്, ജ്ഞാനശേഖർ, മണി എന്നിവർ സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി.
പ്രശ്നത്തിന് പരിഹാരം കാണുമെന്ന് ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ ബാലകൃഷ്ണന് മതിയായ ചികിത്സ നൽകുമെന്നും മതിയായ നഷ്ടപരിഹാരം നൽകുമെന്നും ആന ശല്യത്തിന് പരിഹാരം കാണുമെന്നും നാട്ടുകാർക്ക് ഉറപ്പ് നൽകി. കാട്ടാന ആക്രമണത്തെത്തുടർന്ന് പാക്കണ, കുന്ദലാടി, ഓർക്കടവ് മേഖലകളിൽ വനംവകുപ്പ് നിരീക്ഷണം ഏർപ്പെടുത്തി. ആദ്യഘട്ട സഹായമായി ബാലകൃഷ്ണന് 59,000 രൂപയും നൽകി്.
കാട്ടാന ആക്രമണത്തിൽ വയോധികന് പരിക്കേറ്റു
ഗൂഡല്ലൂർ: നെല്ലാക്കോട്ട പഞ്ചായത്തിലെ കുന്ദലാടിക്കടുത്ത ഓർക്കടവിൽ കാട്ടാന ആക്രമണത്തിൽ വയോധികനു പരിക്കേറ്റു. പാക്കണ ഓർക്കടവ് സ്വദേശി ബാലകൃഷ്ണനാണ് (58) പരിക്കേറ്റത്. ഇദ്ദേഹത്തെ പന്തല്ലൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. വീട്ടിൽനിന്ന് പുറത്തിറങ്ങിയ ഇദ്ദേഹത്തെ തേയില തോട്ടത്തിൽനിന്ന് റോഡിലിറങ്ങിയ കാട്ടാന ആക്രമിക്കുകയായിരുന്നു. വീടിന് സമീപത്തെ പാതയോരത്തെ തെരുവ് വിളക്കിന്റെ സ്വിച്ച് ഓണ്‍ ചെയ്യുന്നതിനാണ് രാത്രി എട്ടിന് ഇദ്ദേഹം പുറത്തിറങ്ങിയത്. ഭാഗ്യം കൊണ്ടാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ആനയെ തുരത്തിയതിന് ശേഷം ഇദ്ദേഹത്തെ രക്ഷപ്പെടുത്തുകയായിരുന്നു.
വീടിന് മുകളിലേക്ക് കമുക് മറിച്ചിട്ടു
ഗൂഡല്ലൂർ: ഗൂഡല്ലൂർ നഗരസഭാ പരിധിയിലെ മാർത്തോമ്മാ നഗറിലെ ആനകുഴിയിൽ കാട്ടാന വീട് ആക്രമിച്ചു. പ്രദേശവാസിയായ ജോസിന്റെ വീടാണ് ആക്രമിച്ചത്. വീട്ടുമുറ്റത്തെ കമുകുകൾ വീടിന് മുകളിലേക്ക് മറിച്ചിടുകയായിരുന്നു. ഇന്നലെ പുലർച്ചെ നാലോടെയാണ് സംഭവം. ഇതുസംബന്ധിച്ച് ഇദ്ദേഹം വനംവകുപ്പിന് പരാതി നൽകി.