പാറക്കലിൽ വിൻഫാം ഒൗട്ട്ലെറ്റ് കളക്ഷൻ സെന്റർ പ്രവർത്തനം തുടങ്ങുന്നു
1491531
Wednesday, January 1, 2025 4:31 AM IST
കൽപ്പറ്റ: വിൻഫാം പ്രൊഡ്യൂസർ കന്പനിയുടെ ആദ്യ ഒൗട്ട്ലെറ്റും കളക്ഷൻ സെന്ററും മുട്ടിൽ പാറക്കലിൽ നാളെ പ്രവർത്തനം തുടങ്ങും. കന്പനി ചെയർമാൻ റവ. ഡോ. തോമസ് ജോസഫ് തേരകം, എക്സിക്യുട്ടീവ് ഡയറക്ടർ വി.എ. ബിജോയ്, സിഇഒ പി.ജെ. നിമിഷ ജോണ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് ഒൗട്ട്ലെറ്റ് പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളുവും കളക്ഷൻ സെന്റർ ഐ.സി. ബാലകൃഷ്ണൻ എംഎൽഎയും ഉദ്ഘാടനം ചെയ്യും. ടി. സിദ്ദിഖ് എംഎൽഎ ആദ്യവിൽപന നടത്തും. ട്രേഡ് മാർക്ക് പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറും ഗിഫ്റ്റ് പാക്കറ്റ് വിതരണം ആത്മ വയനാട് പ്രോജക്ട് ഡയറക്ടർ ജ്യോതി പി. ബിന്ദുവും നിർവഹിക്കും.
സംസ്ഥാന സർക്കാരിന്റെ എഫ്പിഒ പ്രോത്സാഹന പദ്ധതി പ്രകാരം എസ്എഫ്എസി കേരള മുഖേന 2020ൽ രൂപീകരിച്ചതാണ് മുട്ടിൽ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന വിൻഫാം പ്രൊഡ്യൂസർ കന്പനി. നിലവിൽ 203 കർഷകർ ഓഹരിയുടമകളാണ്. 2,000 രൂപയുടെ 3,649 ഓഹരികളാണ് ഇത്രയും പേരുടെ കൈവശം. ഒന്പത് പേരാണ് ഡയറക്ടർ ബോർഡിൽ. മൂല്യവർധിത ഭക്ഷ്യവസ്തുക്കളാണ് കന്പനി ഉത്പാദിപ്പിക്കുന്നത്. കാനഡ, ഫിൻലാൻഡ് എന്നിവിടങ്ങളിലേക്ക് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. യുകെയിലേക്കു കയറ്റുമതിക്കു നീക്കം നടന്നുവരികയാണ്.