വയനാട് ടൂറിസം സാധ്യതകൾ ഉയർത്തും: ജില്ലാ കളക്ടർ
1491883
Thursday, January 2, 2025 6:23 AM IST
കൽപ്പറ്റ: പുതിയവർഷം പ്രതീക്ഷകളുടേതാണ്. അതിജീവനത്തിന്റെ പാതയിലാണ് വയനാട്. ദുരിതകാലങ്ങളുടെ മുറിവുണങ്ങി വയനാടിന് ഇനിയും മുന്നേറണം. ഇതിനായുള്ള സമഗ്രപദ്ധതികൾ തയാറാക്കുകയാണെന്ന് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ പറഞ്ഞു.
കുട്ടികളുമായുള്ള ജില്ലാ കളക്ടറുടെ ഗുഡ് മോണിംഗ് കളക്ടർ പ്രതിവാര സംവാദ പരിപാടിയാണ് വയനാടിന്റെ പ്രതീക്ഷകളും വെല്ലുവിളികളുമെല്ലാം പങ്കുവയ്ക്കുന്നതിന്റെ വേദിയായി മാറിയത്. സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളജ് വിദ്യാർഥികളാണ് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രിയുടെ ഗുഡ്മോണിംഗ് കളക്ടർ പരിപാടിയിൽ പുതുവത്സര ദിനത്തിൽ അതിഥികളായെത്തിയത്.
വയനാടിന്റെ സാന്പത്തിക ഉന്നമനത്തിന് ഏറെ പ്രാധാന്യമുള്ളതാണ് വിനോദ സഞ്ചാരം, കാർഷികം തുടങ്ങിയ മേഖലകൾ. ഈ മേഖലകളുടെ ഉന്നമനത്തിനായുള്ള വിവിധ പദ്ധതികൾ സർക്കാർ ആസൂത്രണം ചെയ്യുന്നുണ്ട്. ദുരന്തങ്ങൾക്കുശേഷം സേഫ് ടൂറിസം എന്ന പേരിൽ ജില്ലാ ഭരണകൂടം കാന്പയിൻ നടത്തിയിരുന്നു.
ഉത്തരവാദിത്ത ടൂറിസം, സുസ്ഥിര ടൂറിസം, അഗ്രി ടൂറിസം എന്നിങ്ങനെ വിവിധ ശാഖകളായുള്ള വയനാട് ടൂറിസത്തെ തിരിച്ചു പിടിക്കും. ഇതിനായി വിവിധ പദ്ധതികൾ നടപ്പാക്കി വരികയാണ്. എൻ ഉൗര് പോലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുമെന്നും കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടിയായി ജില്ലാ കളക്ടർ പറഞ്ഞു.
ഉന്നത പഠനത്തിനായുള്ള ജില്ലയിലെ സൗകര്യങ്ങൾ, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങൾ എന്നിങ്ങനെ സമഗ്രമായ സംവാദത്തിന്റെ നിറവിലായിരുന്നു ജില്ലാ കളക്ടറുടെ ചേംബറിലെ പുതുവർഷദിനത്തിലെ ആദ്യ അരമണിക്കൂർ. യുവതലമുറയിൽ വളരുന്ന ആത്മഹത്യ, ലഹരി എന്നിവയെല്ലാം അത്യധികം അമർച്ച ചെയ്യപ്പെടേണ്ടതാണ്. ഇതിൽ നിന്നെല്ലാമുള്ള പിൻമാറ്റത്തിന്റെ വേദിയായിരിക്കണം കലാലയങ്ങൾ.
മാനസികാരോഗ്യം പ്രധാനപ്പെട്ടതാണ്. ഇതെല്ലാം ഉൾക്കൊണ്ട് കുട്ടികൾക്ക് കൗമാരകാലം പിന്നിടാൻ കഴിയണമെന്നും ജില്ലാ കളക്ടർ ഓർമ്മിപ്പിച്ചു. സെന്റ് മേരീസ് കോളജ് അധ്യാപികയായ പി.ആർ. അശ്വതിയും ഗുഡ്മോണിംഗ് കളക്ടർ പരിപാടിയിൽ വിദ്യാർഥികളെ അനുഗമിച്ചു.