അധ്യാപക സർവീസ് സംഘടന സമരസമിതി സമര പ്രഖ്യാപന കണ്വെൻഷൻ നടത്തി
1491527
Wednesday, January 1, 2025 4:31 AM IST
കൽപ്പറ്റ: അധ്യാപക സർവീസ് സംഘടന സമരസമിതിയുടെ നേതൃത്വത്തിൽ ജില്ലാ സമര പ്രഖ്യാപന കണ്വെൻഷൻ കൽപ്പറ്റ, കൈനാട്ടി പത്മപ്രഭ ഹാളിൽ ചേർന്നു.
പങ്കാളിത്തപെൻഷൻ പദ്ധതി പിൻവലിച്ച് പഴയ പെൻഷൻ സംവിധാനം പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം ശന്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, ക്ഷാമബത്ത, ശന്പള പരിഷ്ക്കരണ കുടിശികകൾ പൂർണമായും അനുവദിക്കുക, ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കുക, മെഡിസെപ്പ് പദ്ധതി സർക്കാർ ഏറ്റെടുക്കുക, കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള സാന്പത്തിക വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അധ്യാപക സർവീസ് സംഘടന സമര സമിതി നേതൃത്വത്തിൽ 22ന് നടത്തുന്ന സൂചന പണിമുടക്ക് വിജയിപ്പിക്കുക എന്ന ആഹ്വാനവുമായാണ് കണ്വെൻഷൻ നടത്തിയത്.
ജോയിന്റ് കൗണ്‍സിൽ സംസ്ഥാന വൈസ് ചെയർമാൻ വി.സി. ജയപ്രകാശ് കണ്വെൻഷൻ ഉദ്ഘാടനം ചെയ്തു. സമരസമിതി ജില്ല ചെയർമാൻ ടി.ഡി. സുനിൽ മോൻ അധ്യക്ഷത വഹിച്ചു. കണ്‍വീനർ ശ്രീജിത്ത് വാകേരി, കെജിഒഎഫ് ജില്ല സെക്രട്ടറി അമൽ, ജോയിന്റ് കൗണ്‍സിൽ ജില്ല സെക്രട്ടറി കെ.എ. പ്രേംജിത്ത്, ജില്ല പ്രസിഡന്റ് പ്രിൻസ് തോമസ് എന്നിവർ പ്രസംഗിച്ചു. ഓഫീസ്തല പ്രചാരണങ്ങൾ, പ്രചാരണ വാഹന ജാഥകൾ തുടങ്ങി കാന്പയിനുകൾ വിജയിപ്പിക്കാൻ തീരുമാനിച്ചു.